SignIn
Kerala Kaumudi Online
Saturday, 27 April 2024 8.10 PM IST

യോഗ്യതയുള്ളവർ മാത്രം നിയമിതരാകട്ടെ

photo

ഉന്നതവിദ്യാഭ്യാസ മേഖലയെ തളർത്തുന്ന തരത്തിലാണ് അവിടെ നടക്കുന്ന പല കാര്യങ്ങളും. വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് ഒട്ടും ആലോചിക്കാതെയുള്ള തീരുമാനങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. കുടിപ്പകയും അധികാരത്തർക്കവും മേൽക്കൈ നേടുമ്പോൾ പഠനവും പഠനകാര്യങ്ങളും അവതാളത്തിലാകുന്നു. സർക്കാർവക ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പലതും എത്രയോ കാലമായി സ്ഥിരം പ്രിൻസിപ്പൽമാരില്ലാതെയാണു പ്രവർത്തിക്കുന്നത്. അടിയന്തരമായി പ്രിൻസിപ്പൽമാരെ നിയമിക്കാനുള്ള നടപടി എടുത്തപ്പോഴാണ് അതു തകിടംമറിക്കാനുള്ള ആസൂത്രിതനീക്കം സർക്കാർ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുന്നത്. മാനദണ്ഡങ്ങളും യോഗ്യതയും മറികടന്ന് സ്വന്തക്കാരെയും പാർശ്വവർത്തികളെയും തിരുകിക്കയറ്റാൻ വ്യാപകമായി നടന്നുവരുന്ന ശ്രമം കോളേജ് പ്രിൻസിപ്പൽ നിയമനരംഗത്തും പയറ്റാനാണ് ശ്രമം.

സർക്കാർ കോളേജുകളിലെ സീനിയോറിട്ടിയുള്ള പ്രൊഫസർമാരിൽ നിന്ന് 43 പേരെ പ്രിൻസിപ്പൽമാരായി പ്രൊമോട്ട് ചെയ്ത് നിയമിക്കാനുള്ള ഒരുക്കം പൂർത്തിയായപ്പോഴാണ് അതിനു തടയിടാൻ മാത്രമുദ്ദേശിച്ച് പുതിയൊരു കടമ്പയുമായി സർക്കാർ വന്നത്. ദീർഘമായ നടപടികളിലൂടെ അപേക്ഷ ക്ഷണിച്ച് പ്രൊഫസർമാരിൽ നിന്ന് ഇത്രയും പേരെ ഷോർട്ട് ലിസ്റ്റുചെയ്തു. നൂറ്റിപ്പതിനൊന്ന് അപേക്ഷകരിൽ നിന്നാണ് യോഗ്യതയുടെ അടിസ്ഥാനത്തിൽ 43 പേരെ തിരഞ്ഞെടുത്തത്. പട്ടിക പി.എസ്.സി അംഗീകരിക്കുകയും ചെയ്തു. യു.ജി.സി മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പ്രിൻസിപ്പൽ സ്ഥാനത്തേക്ക് 43 സീനിയർ പ്രൊഫസർമാരെ തിരഞ്ഞെടുത്തത്. എന്നാൽ ഇതുവരെയില്ലാത്ത രീതിയിൽ പി.എസ്.സി അംഗീകരിച്ച ഈ പട്ടികയ്ക്കെതിരെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. സീനിയോറിട്ടിയും അദ്ധ്യാപന പരിചയവും ഉൾപ്പെടെ യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള സകല വ്യവസ്ഥകളും പാലിച്ചുകൊണ്ട് രൂപം കൊടുത്ത നിയമന പട്ടികയ്ക്കെതിരെ ആക്ഷേപമുള്ളവർക്കു അവസാന മുഹൂർത്തത്തിൽ പരാതിയുമായി സമീപിക്കാമെന്ന വിചിത്ര നിലപാടിനു പിന്നിൽ തീർച്ചയായും നല്ല ഉദ്ദേശ്യമല്ലെന്ന് ആർക്കും മനസിലാകും. അദ്ധ്യാപകേതര തസ്തികയിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കിയിട്ടുള്ള കാലം കൂടി അദ്ധ്യാപക പരിചയമായി കണക്കാക്കാമെന്നാണ് സർക്കാരിന്റെ പുതിയ ഭാഷ്യം. ഇത്തരമൊരു സാങ്കേതിക പ്രശ്നത്തിലുടക്കിയാണ് ഏതാനും വി.സിമാർക്കും പ്രിൻസിപ്പൽമാർക്കും അടുത്തിടെ പദവി നഷ്ടമായതെന്ന് ഓർക്കണം.

കോളേജ് പ്രിൻസിപ്പലാകാൻ പതിനഞ്ചുവർഷത്തെ അദ്ധ്യാപന പരിചയം നിർബന്ധമാണ്. അദ്ധ്യാപനമല്ലാതെ മറ്റുതരത്തിലുള്ള അക്കാഡമിക് പ്രവർത്തനങ്ങളെ ഈ ഗണത്തിൽ പെടുത്താനാവില്ലെന്ന് നിരവധി കേസുകളിൽ കോടതികൾ തീർപ്പു നൽകിയിട്ടുള്ളതാണ്. നാല് ലാ കോളേജുകളിലേത് ഉൾപ്പെടെ പതിനഞ്ച് സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനങ്ങൾ ചട്ടപ്രകാരമല്ലെന്നു കണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയിട്ട് അധിക ദിവസമായിട്ടില്ല. യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന ഏതു നിയമനവും കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നു തീർച്ചയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എത്രയെത്ര വിവാദ നിയമനങ്ങളാണ് ഈയിടെ കോടതികയറിയത്. രാഷ്ട്രീയ - ബന്ധുത്വ പരിഗണനകൾക്ക് അതീതമായിരിക്കണം ഇതുപോലുള്ള നിയമനങ്ങൾ. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ തിളക്കം കൂട്ടാനും നിയമനങ്ങളിലെ നിഷ്‌പക്ഷത നിലനിറുത്താനും വേണ്ടിയാണ് യു.ജി.സി സമഗ്രമായ ചട്ടങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. അതിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. യോഗ്യതകളില്ലാത്തതിന്റെ പേരിൽ പുറത്തുനിൽക്കേണ്ടിവരുന്ന ചിലരെ തിരുകിക്കയറ്റാൻ വേണ്ടിയാണ് പ്രിൻസിപ്പൽമാരുടെ പട്ടികയിൽ ഇനിയും മാറ്റം വരുത്താനുള്ള ശ്രമമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിയമനങ്ങൾ പക്ഷപാതപരമല്ലെന്ന് ജനങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRINCIPAL APPOINTMENT IN ARTS AND SCIENCE COLLEGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.