തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിൽ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനും. സീനിയർ സി പി ഒ ക്രിസ്റ്റഫർ ഷിബുവാണ് രണ്ടാമത്തെ സംഘത്തിലും ഉൾപ്പെട്ടത്.
ഷിബു മ്യൂസിയം സ്റ്റേഷനിലായിരുന്നപ്പോൾ ഇതേ കേസ് അന്വേഷിച്ചിരുന്നു. സംവിധായികയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു അന്ന് അന്വേഷണ സംഘമെത്തിയത്. നിലവിൽ ക്രൈംബ്രാഞ്ചിലാണ് ഷിബു. കേസന്വേഷണത്തിൽ മ്യൂസിയം പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് ഉണ്ടായത്.
മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ മ്യൂസിയം സ്റ്റേഷനിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ കണ്ടെത്താനായില്ല. ഫൊറൻസിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനിൽ നിന്ന് ലഭിച്ചില്ല.
നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് കത്ത് നൽകും. 2019 ഫെബ്രുവരി 23നാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |