SignIn
Kerala Kaumudi Online
Thursday, 19 September 2024 12.41 AM IST

തടയിടേണ്ട ഗുണ്ടാവിളയാട്ടം

Increase Font Size Decrease Font Size Print Page

photo

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ്. പഴയ ഗുണ്ടകളും പുതിയ ഗുണ്ടകളും ഒരുപോലെ സജീവമായിരിക്കുന്നു. ശ്രീകാര്യത്ത്,​ തട്ടിയെടുത്ത മൊബൈൽ ഫോൺ തിരികെ നൽകാനെന്നെ പേരിൽ യുവാവിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ പുരയിടത്തിൽവച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയതാണ് ഏറ്റവുമൊടുവിൽ നടന്ന സംഭവം. സാജു എന്ന മുപ്പത്തിയെട്ടുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണിയാപുരത്ത് ബോംബേറ് കേസിലെ പ്രതികൾ മുഖ്യമന്ത്രിയുടെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജൻ ശ്രീകുമാരൻനായരെ മർദ്ദിക്കുകയും തലകീഴായി കിണറ്റിലിട്ടതുമാണ് മറ്റൊരു സംഭവം. പ്രതികളായ അബിനെയും ഷെഫീഖിനെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. അക്രമികൾ അമിതതോതിൽ ലഹരി ഉപയോഗിച്ചിരുന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പൊലീസിനെ വെട്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ ഒളിത്താവളമായി ശ്രീകുമാരൻനായരുടെ നിർമ്മാണത്തിലിരുന്ന വീട്ടിൽ ഉറങ്ങി. അത് ചോദ്യം ചെയ്തതിനാണ് ക്രൂരമായ ആക്രമണം നടത്തിയത്. മര്യാദയ്ക്ക് ജീവിക്കുന്ന ആരെയും എന്തും ചെയ്യാമെന്ന നിലയിൽ ഗുണ്ടാസംഘങ്ങൾ വളർന്നിരിക്കുകയാണ്. ഇതിന് പ്രധാന കാരണം പൊലീസ് നടപടികളുടെ വീഴ്ചതന്നെയാണ്. കഴിഞ്ഞയാഴ്ച പാറ്റൂരിൽ ഒരു ഗുണ്ടാസംഘം മറ്റൊരു സംഘത്തിൽപ്പെട്ടവരെ വെട്ടിപ്പരിക്കേല്പിച്ചിരുന്നു. അതിനടുത്ത ദിവസം മറ്റൊരു ഗുണ്ട കത്തിയുമായി മെഡിക്കൽ കോളേജിന് സമീപം കൊലവിളി നടത്തി. ഇതിലൊക്കെ ഉൾപ്പെട്ടവർ കാൽനൂറ്റാണ്ടിലേറെയായി ഗുണ്ടാരംഗത്ത് വിലസുന്നവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണ്. പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും സഹായമാണ് ഇവർ നിർഭയം ഗുണ്ടാരംഗത്ത് വിലസാൻ കാരണം. സർക്കാർ നിയമം കർക്കശമാക്കിയിരിക്കുന്ന മണ്ണ് കടത്ത് പോലുള്ള കാര്യങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്നത് ഗുണ്ടാസംഘങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്.

മുൻപൊക്കെ ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു പ്രധാന ഏറ്റുമുട്ടലുകൾ. ഇപ്പോഴാകട്ടെ നിസാര കാര്യങ്ങൾക്ക് പോലും ആളുകളെ മാരകമായി ആക്രമിക്കുന്ന രീതിയാണ് ഗുണ്ടകളുടേത്. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കഴിയുന്ന തലസ്ഥാന നഗരിയിൽ ഗുണ്ടാവിളയാട്ടങ്ങൾ അടിക്കടി സംഭവിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ‌്‌ത്തിയിരിക്കുകയാണ്. ലഹരിമരുന്നിന്റെ വ്യാപനവും പുതിയ ഗുണ്ടകളുടെ കടന്നുവരവും തമ്മിൽ വലിയ ബന്ധമുണ്ട്. തലസ്ഥാനനഗരി വൻതോതിൽ വികസിച്ചുവരുന്ന ഈ ഘട്ടത്തിൽ ഗുണ്ടകളെ വളരാൻ അനുവദിച്ചാൽ ഭാവിയിൽ ഇവർ വലിയ അധോലോക സംഘങ്ങളായി പരിണമിച്ചേക്കാം.

കാപ്പ ചുമത്താനായി പൊലീസ് നൽകിയ 94 ശുപാർശകൾ കളക്ടർ തള്ളിയതായും വാർത്തയുണ്ട്. ഇതോടെ ആ ലിസ്റ്റിലുള്ള ഗുണ്ടകളുടെ നിരീക്ഷണം പൊലീസ് അവസാനിപ്പിക്കുന്ന സാദ്ധ്യതയാണ് നിലനിൽക്കുന്നത്. ഇത് ശരിയല്ല. ഗുണ്ടകളുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ സഹായം നൽകുന്നത് പൊലീസ് സേനയിലുള്ളവർ തന്നെയാണ്. ഗുണ്ടകളും പൊലീസും ഇടത്തരം രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധമാണ് ഗുണ്ടാവിളയാട്ടം നഗരം വിറപ്പിക്കാൻ ഇടയാക്കുന്നത്. ഗുണ്ടകളെ മാത്രമല്ല അവരെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തേണ്ടത് ആവശ്യമാണ്. സിറ്റി, റൂറൽ പൊലീസ് മേധാവികളുടെ അതിശക്തമായ നടപടികൾ ഇക്കാര്യത്തിൽ അടിയന്തരമായി ഉണ്ടാകേണ്ടതാണ്. ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ ഏതുവിധേനയും ഗുണ്ടാവിളയാട്ടത്തിന് തടയിട്ടേ മതിയാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: INCREASING CRIME RATES IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.