കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സംഘടിപ്പിക്കുന്ന ഗ്ലോബൽ അക്കാഡമിക് കാർണിവൽ യുനോയ 2023 ഇന്ന് മുതൽ 19 വരെ നഗരത്തിലെ ആറു വേദികളിലായി നടക്കും. സർവകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും പഠന, ഗവേഷണ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും കൂടുതൽ പരിചിതമാക്കാൻ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ പ്രദർശനമാണ് യുനോയ. കാർണിവലിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്നലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഫ്ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.
വിദ്യാഭ്യാസ പ്രദർശനത്തിനു പുറമെ പുസ്തകോത്സവം, ശില്പശാലകൾ, മെഡിക്കൽ എക്സിബിഷൻ, ചലച്ചിത്രോത്സവം, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30ന് മാമ്മൻ മാപ്പിള ഹാളിൽ മന്ത്രി ഡോ. ആർ. ബിന്ദു യുനോയ 2023 ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ പ്രദർശനം ജോസ് കെ. മാണി എം.പിയും സെമിനാറുകൾ തോമസ് ചാഴികാടൻ എം.പിയും ചലച്ചിത്രോത്സവം നടി സുരഭി ലക്ഷ്മിയും ഉദ്ഘാടനം ചെയ്യും.
നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ എഴുപത്തിയഞ്ച് സ്റ്റാളുകളുണ്ടാകും. പുസ്തകോത്സവവും ഇതേ വേദിയിലാണ് നടക്കുക. ചലച്ചിത്രോത്സവം സി.എം.എസ് കോളജിലും മെഡിക്കൽ എക്സിബിഷൻ ബസേലിയോസ് കോളജിലും നടക്കും. മാമ്മൻ മാപ്പിള ഹാൾ, സി.എം.എസ് കോളജ്, ബസേലിയോസ് കോളജ്, ബി.സി.എം കോളജ്, നാട്ടകം ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിലാണ് സെമിനാറുകളും ശില്പശാലകളും സംഘടിപ്പിച്ചിരിക്കുന്നത്. തിരുനക്കര മൈതാനവും മാമ്മൻ മാപ്പിള ഹാളും സാംസ്കാരിക പരിപാടികൾക്ക് വേദികളാകും.
മനം നിറച്ച് കാർണിവൽ വിളംബര ഘോഷയാത്ര
എം.ജി സർവകലാശാലാ ഗ്ലോബൽ അക്കാഡമിക് കാർണിവൽ വിളംബര ഘോഷയാത്ര വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വിവിധ വകുപ്പുകളിലെയും അഫിലയേറ്റഡ് കോളജുകളിലെയും വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അതത് സ്ഥാപനങ്ങളുടെ ബാനറിനു പിന്നിൽ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ബാൻഡ് മേളവും അവതരിപ്പിച്ച് അണിചേർന്നു.
പടയണി, തെയ്യം, ഓട്ടംതുള്ളൽ, കഥകളി, മാർഗംകളി, പുലികളി, ചെണ്ടമേളം തുടങ്ങി നിരവധി കലാരൂപങ്ങൾ റാലിയിൽ അവതരിപ്പിച്ചു. കാർണിവലിന്റെ ലോഗോ പതിച്ച വർണ ബലൂണുകളുമായാണ് വിദ്യാർത്ഥികൾ നടന്നുനീങ്ങിയത്. എൻ.സി.സി കേഡറ്റുകളും നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരും പരിപാടിയിൽ പങ്കുചേർന്നു.
പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ, സിൻഡക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ, ഡോ. എസ്. ഷാജില ബീവി, ഡോ. ബിജു തോമസ്, ഡോ. കെ.എം. സുധാകരൻ, ഡോ. ബാബു മൈക്കിൾ, ഡോ. ആർ. അനിത, ഡോ. ബിജു പുഷ്പൻ, ഡോ. പി.എസ്. സുകുമാരൻ, ഡോ. റോബിനറ്റ് ജേക്കബ്, എം.എച്ച്. ഇല്യാസ്, ജസ്റ്റിൻ ജോസഫ്, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത് തുടങ്ങിയവർ റാലി നയിച്ചു. ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് സമാപന സന്ദേശം നൽകി. സിൻഡക്കേറ്റ് അംഗം കെ.എം. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |