തിരുവനന്തപുരം: രാഷ്ട്രീയവൈരാഗ്യം മുൻനിറുത്തി അപ്രഖ്യാപിത ഉപരോധങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്നതെന്നും സമസ്തമേഖലകളിലും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജി.എസ്.ടിയുടെ പുനഃസംഘടനാപ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമപദ്ധതികൾ വേണ്ടെന്ന് പറയുന്ന കേന്ദ്രസർക്കാർ സേവനങ്ങളും, അടുത്തപടിയായി സർക്കാർ ജീവനക്കാരും വേണ്ടെന്നു പറയും. സൈന്യത്തിലുൾപ്പെടെ ഒഴിവുകൾ നികത്താത്ത കേന്ദ്രസർക്കാർ സംസ്ഥാനങ്ങളും അങ്ങനെ ചെയ്യണമെന്നാണ് പറയുന്നതെന്നും ഇത്തരം ഉദാരവത്കരണനീക്കങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം നൽകുന്നത് കൊണ്ടാണ് സംസ്ഥാനം പിടിച്ചുനിൽക്കുന്നതെന്നാണ് ചിലരുടെ പ്രചരണം. എന്നാൽ സംസ്ഥാന റവന്യുവരുമാനത്തിന്റെ വെറും 36%ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്.ദേശീയ ശരാശരി 45% ആണ്. കേന്ദ്രത്തിൽ നിന്ന് 75% വരെ കിട്ടുന്ന സംസ്ഥാനങ്ങളുമുണ്ട്.കേരളം അതിലൊന്നും പെടുന്നില്ല.സംസ്ഥാനത്തിന്റെ വരുമാനം 134097കോടിയാണ്.ഇതിൽ 85867കോടിയും നികുതിവരുമാനമാണ്. അതായത് 64%.ഇക്കാര്യത്തിലും ദേശീയ ശരാശരിയിലും മേലെയാണ് സംസ്ഥാനം.ദേശീയശരാശരി 55%ആണ്.നികുതിപിരിക്കാത്ത സംസ്ഥാനമാണ് കേരളമെന്നത് തെറ്റായപ്രചരണമാണ്.
ഭരണഘടനാവ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾ കൈയടക്കാനാണ് കേന്ദ്രനീക്കം. ക്ഷേമപദ്ധതികളിൽ നിന്ന് പിന്നാക്കം വലിക്കാനാണ് ശ്രമങ്ങൾ. ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണ്. ക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ സംസ്ഥാനം മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജി.എസ്.ടി നടപ്പാക്കി ആറുവർഷമായിട്ടും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലുണ്ടാക്കിയ ആശങ്കകൾക്ക് വിരമാമിടാൻ കേന്ദ്രസർക്കാരിനായില്ലെന്നത് ഗൗരവമായി കാണണം.
ജി.എസ്.ടി കൗൺസിലിൽ സംസ്ഥാനങ്ങളുടെ അധികാരം പരിമിതമാണ്. നികുതിവരുമാനം വർദ്ധിപ്പിക്കാനെന്ന പേരിൽ അവശ്യസാധനങ്ങളുടെയും ഭക്ഷ്യഉത്പന്നങ്ങളുടെയും നികുതി കേന്ദ്രം വർദ്ധിപ്പിച്ചു. അതിനെതിരെ ജി.എസ്.ടി കൗൺസിലിലടക്കം കേരളം ശബ്ദമുയർത്തി.നിത്യോപയോഗ സാധനങ്ങൾക്ക് പകരം ആഡംബരഉത്പന്നങ്ങളുടെ നികുതി വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്രം അതിന് ചെവികൊടുത്തില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മതത്തോടെയാണ് നികുതിഭാരം ചുമത്തിയതെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. എന്നിട്ട് ആഡംബര വസ്തുക്കളുടെ നികുതി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു.ഇത്തരം ജനദ്രോഹതീരുമാനങ്ങളെ ചെറുക്കാൻ സംസ്ഥാനങ്ങൾക്ക് മുൻതൂക്കം നൽകി ജി.എസ്.ടി കൗൺസിൽ സംവിധാനം പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനം കടക്കെണിയിലാണെന്ന തെറ്റായപ്രചരണവുമുണ്ട്. ഇരുപത് വർഷം കൊണ്ട് പൊതുകടം 13ഇരട്ടികൂടിയെന്നാണ് ആക്ഷേപം.9973കോടിയിൽ നിന്ന് റവന്യുവരുമാനം 1.35ലക്ഷംകോടിയായും പ്രതിശീർഷവരുമാനം 19463കോടിയിൽ നിന്ന് 2.30ലക്ഷംകോടിയായും വളർന്നു.ഇത് 12മുതൽ 16ശതമാനംവരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നികുതിപരിഷ്കരണലഘുലേഖ മുഖ്യമന്ത്രി പുറത്തിറക്കി.
അയ്യങ്കാളിഹാളിൽ ചേർന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായിരുന്നു.മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. നികുതി വകുപ്പ് സെക്രട്ടറി രത്തൻ ഖേൽക്കർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |