SignIn
Kerala Kaumudi Online
Saturday, 27 April 2024 6.03 AM IST

പ്രധാനമന്ത്രിയിൽ നിന്ന് ജീവിതത്തിലേക്ക്

jasinta-arden

നന്നായി ബാറ്റ് ചെയ്യുമ്പോൾ ഔട്ടാകുന്നത് കഷ്ടമാണ്. വലിയ ജനപിന്തുണ ഉണ്ടായിരുന്നിട്ടുകൂടി ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൻ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചു . 2017 മുതൽ ന്യൂസിലൻഡ് പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ (37 വയസ് )​ വനിതാ പ്രധാനമന്ത്രി . പാകിസ്ഥാന്റെ ബേനസീർ ഭൂട്ടോക്ക് ശേഷം, കുഞ്ഞിനു ജന്മംനൽകുന്ന രണ്ടാമത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി. മൂന്നുമാസമുള്ള കൈക്കുഞ്ഞുമായി ഐക്യരാഷ്ട്രസഭയിലെത്തി ലോകത്തെ അഭിസംബോധന ചെയ്ത രാഷ്ട്രനേതാവ്. ലോകം ഏറെ ഉറ്റുനോക്കുന്ന വേറിട്ട സാമൂഹ്യ, രാഷ്ട്രീയനയങ്ങളുള്ള വനിതാനേതാവ്. അവരാണ് ലേബർ പാർട്ടിയുടെ ഈ വർഷത്തെ പ്രഥമ കോക്കസ് മീറ്റിംഗിൽ ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രിപദവും പാർട്ടി പ്രസിഡന്റ് സ്ഥാനവും ഒഴിയുമെന്ന് പ്രഖ്യാപിച്ചത്.

ഞാൻ ഒരു സാധാരണ വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സമയമായി, ഇനിയൊരു തിരഞ്ഞെടുപ്പിന് മത്സരിക്കാനില്ല. പങ്കാളിയെ വിവാഹം കഴിക്കാനും, മകൾ നേവിന് സ്കൂൾ തുടങ്ങാനുമുള്ള സമയമായി എന്നും അവർ കൂട്ടിച്ചേർക്കുന്നു. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള സമയം മരണമാണെന്ന് ചിന്തിക്കുന്ന നിരവധി രാഷ്ട്രീയക്കാരുടെ ലോകത്ത് ജസീന്തയുടെ തീരുമാനം ലോകശ്രദ്ധ നേടുന്നു. പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ വനിത എന്നതു മാത്രമായിരുന്നില്ല അവരുടെ പ്രത്യേകത.

ലോകത്തിൽ കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്. വിദേശത്തുനിന്ന് വന്നവർക്ക് ക്വാറന്റെയിൻ, അതിർത്തികൾ അടയ്ക്കൽ ലോക്ക്‌ഡൗൺ എന്നിവ ആദ്യമായി കാര്യക്ഷമമായി നടപ്പിലാക്കിയത് ജസീന്തയുടെ നേതൃത്വത്തിൽ ന്യൂസിലൻഡിലാണ്. പ്രതിസന്ധി ഘട്ടത്തിൽ മാദ്ധ്യമങ്ങളെ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് അവരാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് അഭിപ്രായപ്പെടുന്നത്. ഒരു പരിധിവരെ കേരള മാതൃകയുമായി സാമ്യം തോന്നാം. ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പ്രസിദ്ധ വാചകം ആദ്യമായി ഉപയോഗിച്ചതും ന്യൂസിലൻഡാണെന്ന് ഓർക്കാം. നിയന്ത്രണങ്ങളിൽ ആദ്യഘട്ടങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും മറ്റു രാജ്യങ്ങൾ കൊവിഡ് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തിയപ്പോൾ വേറിട്ടുനിന്ന ന്യൂസിലൻഡ് മാതൃക ജസീന്താ മാനിയ എന്ന പേരിൽ ലോകപ്രശസ്തമായി.

2019 മാർച്ച് 15നാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ അതിക്രമിച്ചുകടന്ന വെള്ളക്കാരനായ വംശീയ വാദി വെടിയുതിർത്തത്. അൻപത്തൊന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ടെലിവിഷനിലൂടെയും പിന്നീട് പാർലമെന്റിലും പ്രതികരിച്ച അവർ തീവ്രവാദികൾക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നു വ്യക്തമാക്കി. താൻ ഇരകൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയ ജസീന്ത മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ നേരിട്ടുപോയി. തലയിൽ സ്‌കാർഫ് ധരിച്ച് ,​ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആലിംഗനം ചെയ്യുന്ന അവരുടെ ചിത്രങ്ങൾ ലോകത്തിന് സാഹോദര്യത്തിന്റെ വലിയ സന്ദേശമാണ് നൽകിയത്. വംശീയതയുടേയും, മതവൈരത്തിന്റേയും ചർച്ചകൾ നടക്കുന്ന യൂറോപ്പിന് ജസീന്ത ഒരു ബദൽ മാതൃകയായി.

സ്വയം സോഷ്യൽ ഡെമോക്രാറ്റ് എന്നു വിശേഷിപ്പിക്കുന്ന അവരുടെ നയങ്ങൾ ജനശ്രദ്ധ നേടി. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അവരുടെ നയങ്ങൾ സാധാരണക്കാർക്കൊപ്പം നിന്നു. കുട്ടികളിലെ ദാരിദ്ര്യനിർമ്മാർജ്ജനം, ഉച്ചഭക്ഷണ പദ്ധതികൾ, സൗജന്യ ഡോക്ടർ സേവനത്തിനുള്ള എണ്ണം ഉയർത്തൽ, സ്കൂളിൽ സൗജന്യ ആർത്തവ അനുബന്ധ സൗകര്യങ്ങൾ, മിനിമം വേതനം ഉയർത്തൽ തുടങ്ങിയ നയങ്ങൾ ,​ 2020 ലെ തിരഞ്ഞെടുപ്പിൽ പുതിയ തിരഞ്ഞെടുപ്പ് സമ്പ്രദായം ഏർപ്പെടുത്തിയശേഷം ഏറ്റവും കൂടുതൽ സീറ്റുമായി അവരെ അധികാരത്തിൽ നിലനിറുത്തി.

ന്യൂസിലൻഡ് ജനസംഖ്യയുടെ പതിനാറ് ശതമാനത്തോളം വരുന്ന മൗറി വിഭാഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി അവർ നിലകൊണ്ടു. നിരവധി വിഷയങ്ങളിൽ മുഖ്യധാരയിൽ നിന്ന് മാറിനടക്കുന്ന പ്രാചീന വിഭാഗങ്ങളാണ് മൗറികൾ. ഗ്രീൻ പാർട്ടിയുമായുള്ള കൂട്ടുകക്ഷി ഭരണമാണ് ന്യൂസിലൻഡിലുള്ളത്. അതുകൊണ്ടുതന്നെ ആഗോള താപനം, കാർബൺ ഇന്ധനങ്ങളുടെ ഉപയോഗം, ഇലക്ട്രിക് വാഹനങ്ങൾ എന്നീ വിഷയങ്ങളിൽ ഹരിത കേന്ദ്രീകൃതമായിരുന്നു ആർഡേന്റെ പല നയങ്ങളും. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിധേയമായിരുന്നു.

പുരോഗമന, ഫെമിനിസ്റ്റ്, റിപ്പബ്ളിക്കൻ ആശയങ്ങളോട് ചേർന്നുനിന്ന ഒരു സോഷ്യൽ ഡെമോക്രാറ്റായാണ് അവരെ ഭൂരിപക്ഷവും വിലയിരുത്തുന്നത്. കുട്ടികളിലെ ദാരിദ്ര്യം, ഭവനരഹിതർ എന്നിവർ മുതലാളിത്തത്തിന്റെ പരാജയങ്ങളാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്. വലിയ മതവിശ്വാസം പ്രകടമാക്കാത്ത അവർ സ്വവർഗതയെ പരസ്യമായി അനുകൂലിച്ചിരുന്നു.

പ്രൈഡ് മാർച്ചിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി കൂടിയാണ് ജസീൻഡ. ഗർഭഛിദ്രം അവകാശമാണ് എന്നതായിരുന്നു അവരുടെ നിലപാട്. നിയമപരമായി വിവാഹിതയാകാത്ത അവരുടെ പങ്കാളി മാദ്ധ്യമപ്രവർത്തകനായ ക്ളാർക്ക് ഗായ്‌ഫോർഡ് ആണ്. അന്താരാഷ്ട്ര തലത്തിൽ പല വിഷയങ്ങളിലും ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു അവർ. ചൈനയിലെ ഉയിഗൂർ മുസ്ലിങ്ങൾ, മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾ എന്നിവരുടെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ശക്തമായി പ്രതികരിച്ചു. 2003ലെ ഇറാക്ക് അധിനിവേശത്തിന്റെ പേരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ളയറിനെ അവർ ഒരിക്കൽ പരസ്യമായി ചോദ്യം ചെയ്‌തു.

എന്തുകൊണ്ടാണ് ഒരു സുപ്രഭാതത്തിൽ അവർ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നത്. ചില വിമർശകരുടെ അഭിപ്രായത്തിൽ ന്യൂസിലൻഡിലെ സാമ്പത്തിക പ്രതിസന്ധികളാണ് അവരെ ഇതിനു പ്രേരിപ്പിച്ചത്. വർദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങളും വിലക്കയറ്റവും കാരണമായി പറയുന്നവരുണ്ട്. പുരോഗമന ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ജസീന്ത യാഥാസ്ഥിതിക വിഭാഗങ്ങൾ, പ്രതിപക്ഷ പാർട്ടികൾ എന്നിവരിൽ നിന്ന് വലിയ എതിർപ്പാണ് നേരിടുന്നതെന്നത് യാഥാർത്ഥ്യമാണ്. ഡിസംബർ മാസത്തിൽ പ്രതിപക്ഷത്തെ ഡേവിഡ് സേയ്‌ മൗറിനെതിരെ മൈക്ക് ഓൺ ആണെന്നറിയാതെ പാർലമെന്റിൽ നടത്തിയ മോശം പ്രയോഗം ടെലിവിഷനിലൂടെ രാജ്യം കണ്ടതായിരുന്നു. ഒരുകാലത്ത് വൻതോതിലുണ്ടായിരുന്ന ജനപിന്തുണയിൽ ഈയിടെയുണ്ടായ ഇടിവാണ് തീരുമാനത്തിനു പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആഗോളതലത്തിലും വലിയ ഇമേജ് രാജ്യത്തിനകത്ത് ഉണ്ടായിരുന്നില്ല എന്നും വിലയിരുത്തുന്നവരുണ്ട്. എന്തുതന്നെയായാലും അപ്രതീക്ഷിതമായാണ് ലോകം ഈ വാർത്ത ശ്രവിച്ചത്, കാരണം നാല്പത്തിരണ്ടാം വയസിൽ രാഷ്ട്രീയം മതിയാക്കി ജസീന്ത ജീവിതത്തിലേക്ക് മടങ്ങുമ്പോൾ നമുക്ക് മുൻപിലുണ്ടായിരുന്ന വലിയ ഒരു ബദൽ മാതൃകയാണ് ഇല്ലാതായത്. വാക്കുകൊണ്ടും,പ്രവൃത്തികൊണ്ടും ജനവിശ്വാസം നേടാനാവുന്നതിനും , വലിയ ന്യായീകരണങ്ങളില്ലാതെ അവ ത്യജിക്കുന്നതിനും വർത്തമാന മാതൃകകൾ ഇല്ലാതിരിക്കെ ജസീന്ത ആർഡേന്റെ തീരുമാനം വേറിട്ടുനില്‌ക്കുന്നു

(ലേഖകൻ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JACINDA ARDERN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.