കാൻബെറ : ദിനോസറിനേ പോലെ തോന്നിക്കുന്ന ഭീകര ജീവിയായ ഗോഡ്സില്ലയെ നമുക്ക് സുപരിചിതമാണ്. സിനിമയിലൂടെ നമ്മെ വിറപ്പിച്ച ഗോഡ്സില്ല സാങ്കല്പിക കഥാപാത്രമാണെങ്കിലും തവളകളുടെ കൂട്ടത്തിലെ ഗോഡ്സില്ലയെ കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിൽ.!
വടക്കേ ഓസ്ട്രേലിയയിലെ മഴക്കാടുകളിൽ കണ്ടെത്തിയ കെയ്ൻ ടോഡ് ഇനത്തിലെ ഭീമൻ തവളയാണത്. തവളകൾക്കിടെയിൽ തന്നെ ഏറ്റവും വലിപ്പം കൂടിയ വിഭാഗക്കാരാണ് കെയ്ൻ ടോഡുകൾ. അപ്പോൾ ശരാശരി വലിപ്പമുള്ള കെയ്ൻ ടോഡിനേക്കാൾ ആറിരട്ടി വലിപ്പമുള്ള ഈ തവളയെ ' ഗോഡ്സില്ല" എന്ന് ആരും വിളിച്ചുപോകും. ഗോഡ്സില്ലയ്ക്ക് പകരം ' ടോഡ്സില്ല" എന്ന് സ്റ്റൈൽ ചെയ്താണ് ഈ ഭീമനെ വിശേഷിപ്പിച്ചിരിക്കുന്നത്. 2.7 കിലോ ഗ്രാം ഭാരമുള്ള ഈ തവളയാണ് ഇതുവരെ ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഭാരം കൂടിയത് എന്ന് കരുതുന്നു.
സമുദ്രനിരപ്പിൽ നിന്ന് 1,289 അടി ഉയരത്തിലാണ് ഈ തവളയെ കണ്ടെത്തിയത്. നാല് കാലുള്ള ഒരു ഫുട്ബോൾ പോലെയാണ് ടോഡ്സില്ലയെ കണ്ടപ്പോൾ തങ്ങൾക്ക് ആദ്യം തോന്നിയതെന്നും അതിന്റെ വലിപ്പം തങ്ങളെ ഞെട്ടിച്ചെന്നും ക്വീൻസ്ലൻഡിലെ കോൺവെ നാഷണൽ പാർക്കിൽ നിന്ന് ഈ ഭീമനെ പിടികൂടിയ പാർക്ക് റേഞ്ചർ കൈലി ഗ്രേ പറയുന്നു. ലോകത്തെ ഏറ്റവും ഭാരം കൂടിയ തവളയുടെ ഗിന്നസ് റെക്കാഡ് വഹിക്കുന്നത് 2.65 കിലോഗ്രാം ഭാരമുണ്ടായിരുന്ന ' പ്രിൻസെൻ" ആണ്. സ്വീഡീഷ് വളർത്തു തവളയായ പ്രിൻസെൻ 1991ലാണ് ഈ റെക്കാഡ് സ്വന്തമാക്കിയത്.
ഏകദേശം 15 വർഷം ആണ് കെയ്ൻ ടോഡുകളുടെ ശരാശരി ആയുസ്. പെൺ തവളയായ ടോഡ്സില്ലയ്ക്ക് ഇതിൽ കൂടുതലുണ്ടെന്ന് കരുതുന്നു. കാര്യമെന്തൊക്കെയായാലും ഓസ്ട്രേലിയയിൽ കെയ്ൻ ടോഡുകൾ ഇൻവേസീവ് സ്പീഷീസാണ്. അതായത് ഇവിടുത്തെ സ്വാഭാവിക സ്പീഷീസുകളുടെ ജീവന് അപകടകരമായവ. അതിനാൽ ടോഡ്സില്ലയെ ദയാവധത്തിന് വിധേയമാക്കി. ടോഡ്സില്ലയുടെ ശരീരം പഠനങ്ങൾക്കായി ക്വീൻസ്ലൻഡ് മ്യൂസിയത്തിന് കൈമാറി.
1935 ലാണ് മദ്ധ്യ, തെക്കേ അമേരിക്കൻ സ്വദേശിയായ കെയ്ൻ ടോഡുകളെ കരിമ്പിൽ കാണപ്പെടുന്ന കെയ്ൻ ബീറ്റിൽസ് എന്നയിനം വണ്ടിനെ തുരത്താനായി ഓസ്ട്രേലിയയിലെത്തിച്ചത്. അനുകൂല സാഹചര്യത്തിൽ പെരുകിയ ഇവ ഇന്ന് ഓസ്ട്രേലിയയിൽ ലക്ഷക്കണക്കിനുണ്ടെന്ന് കരുതുന്നു. വിഷമുള്ള ഇവ ഓസ്ട്രേലിയയിലെ സ്വാഭാവിക ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ്. തങ്ങൾക്ക് കഴിയുന്ന ഏത് ജീവിയേയും അകത്താക്കുന്ന സ്വഭാവക്കാരാണ് കെയ്ൻ ടോഡുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |