SignIn
Kerala Kaumudi Online
Sunday, 04 June 2023 2.00 PM IST

നഗരത്തിൽ വീണ്ടും ഗുണ്ടാ ഏറ്റുമുട്ടലുകൾക്ക് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

crime

ഉത്സവ സീസണിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കുടിപ്പകയെ തുടർന്ന് ഗുണ്ടകൾ ചേരിതിരിഞ്ഞതോടെ നഗരത്തിൽ ഗുണ്ടാ ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കും സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. നഗരത്തിൽ പാറ്റൂരിലും തിരുവനന്തപുരം റൂറലിൽ മംഗലപുരം സ്റ്റേഷൻ പരിധിയിലുമുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്.

നഗരത്തെ പല മേഖലകളാക്കി തിരിച്ച് തങ്ങളുടെ വരുതിയിലാക്കിയിരുന്ന ഗുണ്ടാത്തലവന്മാർ തമ്മിൽ റിയൽ എസ്റ്റേറ്റ് - സാമ്പത്തിക ഇടപാടുകളെയും ലഹരി മരുന്ന് വ്യാപാരത്തെയും ചൊല്ലിയുണ്ടായിട്ടുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമാകുകയും പോർവിളിയിലും പരസ്യ ഏറ്റുമുട്ടലിലും കലാശിക്കുകയും ചെയ്‌തതോടെ പരസ്‌പരമുള്ള കണക്ക് തീർക്കലുകൾക്കുള്ള സാദ്ധ്യത എണ്ണിപ്പറഞ്ഞാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. നഗരത്തിൽ കൊലപാതക പരമ്പരകളിലും ക്വട്ടേഷൻ ഗുണ്ടാ ആക്രമണങ്ങളിലും സജീവമായ അരഡസനിലധികം ഗുണ്ടകളുടെയും അവരുടെ എതിരാളികളുടെയും പേരെടുത്ത് പറഞ്ഞാണ് മുന്നറിയിപ്പ്. ‌

നഗരത്തിൽ പേട്ട, മെഡിക്കൽ കോളേജ്,മ്യൂസിയം,പൂജപ്പുര,തമ്പാനൂർ,വഞ്ചിയൂർ, ശംഖുംമുഖം,കഴക്കൂട്ടം,തുമ്പ പൊലീസ് സ്റ്റേഷൻ പരിധികളിലെ എസ്.എച്ച്.ഒമാർ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിലുണ്ട്. രണ്ടാഴ്ച മുമ്പ് പാറ്റൂരിലെ ഏറ്റുമുട്ടലിൽ ആക്രമണത്തിനിരയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ നിഥിൻ ഇപ്പോഴും ആശുപത്രിയിൽ കഴിയുകയാണ്. ഇയാളുടെ സംഘാംഗങ്ങൾ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടാക്രമിച്ച കേസിൽ ജയിലിലും നിഥിനെ ആക്രമിച്ച സംഘത്തിൽ ഗുണ്ടാത്തലവൻ ഓംപ്രകാശും ഇയാളുടെ ഒരു കൂട്ടാളിയുമൊഴികെ 9 പ്രതികൾ കേസിൽ ഇപ്പോൾ റിമാൻഡിലുമാണ്. കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയ നാലുപ്രതികൾ റിമാൻഡ് ചെയ്‌തപ്പോൾത്തന്നെ ജില്ലാ ജയിലിലേക്ക് അയയ്ക്കാൻ പാടില്ലെന്ന് കോടതിയിൽ അപേക്ഷിച്ചത് ജയിലിൽവച്ച് എതിർചേരിയിൽ നിന്നുള്ള സംഘത്തിന്റെ പ്രത്യാക്രമണം ഭയന്നാണ്.

ഓംപ്രകാശിന്റെയും നിഥിന്റെയും സംഘങ്ങൾ തമ്മിൽ ഇനിയും ഏറ്റുമുട്ടാൻ സാദ്ധ്യതയുള്ളതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റിലും പണമിടപാടിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന ഗുണ്ടാസംഘങ്ങൾ ഇപ്പോൾ നഗരത്തിൽ രാസലഹരി ഇടപാടിലും സജീവമാണ്. ബംഗളൂരു ഉൾപ്പെടെ കേരളത്തിന് പുറത്ത് വിവിധ കോഴ്സുകൾക്ക് അഡ്മിഷൻ തരപ്പെടുത്തുന്ന സ്ഥാപനങ്ങളുടെ മറവിൽ കുട്ടികളെ ഉപയോഗിച്ചുള്ള ലഹരിക്കടത്തിൽ ഗുണ്ടാ സംഘങ്ങൾ സജീവമാണ്. പ്രേമം നടിച്ചും ട്രാപ്പിൽപ്പെടുത്തിയും പെൺകുട്ടികളെ തങ്ങളുടെ വലയിലാക്കുന്ന സംഘം ഇവരുടെ സഹായത്തോടെ എം.ഡി.എം.എയും എൽ.എസ്.ഡിയും ഉൾപ്പെടെയുളള ലഹരി വസ്‌തുക്കൾ വൻതോതിൽ നഗരത്തിലെത്തിച്ച് വ്യാപാരം നടത്തുന്നുണ്ട്.

ഓരോ മേഖലയിൽ ഓരോ ഗുണ്ടാത്തലവന്മാരാണ് ലഹരി വ്യാപാരം നിയന്ത്രിക്കുന്നത്. തങ്ങളുടെ മേഖലയിൽ എതിർടീം ലഹരി വില്പനയ്‌ക്കായി എത്തുന്നതിനെച്ചൊല്ലി ഗുണ്ടാസംഘങ്ങൾക്കിടയിലുള്ള തർക്കം പലയിടത്തും പോർവിളികൾക്കും ഏറ്റുമുട്ടലുകൾക്കും കാരണമായിട്ടുണ്ട്. ഉത്സവ സ്ഥലങ്ങളിലുൾപ്പെടെ ഗുണ്ടകൾ കണക്കുതീർക്കാനും പകരം ചോദിക്കാനും സാദ്ധ്യതയുള്ളതിനാൽ കർശനമായ നിരീക്ഷണവും ജാഗ്രതയും പുലർത്താനാണ് ശുപാർശ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.