കൊച്ചി: വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന് പിന്നാലെ സമൂഹമാദ്ധ്യമം വഴി തന്നെ അപമാനിക്കാനുള്ള ശ്രമം നടക്കുന്നതായി ഇടവേള ബാബു. തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കാൻ സജീവ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
താൻ സിനിമയെക്കുറിച്ച് നടത്തിയ പരാമാർമശത്തിന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയ വീഡിയോകൾ യുട്യൂബ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയിൽ അസഭ്യം ഉൾപ്പെടുന്ന വീഡിയോകൾ അടക്കമുള്ളതായി അദ്ദേഹം പറഞ്ഞു. തനിക്കെതിരെ അപകീർത്തിപരമായ ഉള്ളടക്കമുള്ള വീഡിയോകൾ അടക്കം പങ്കുവെച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടവേള ബാബു കൊച്ചി സൈബർ സെല്ലിന് പരാതി നൽകിയിരുന്നു.
വിനീത് ശ്രീനിവാസന്റെ സഹ-സംവിധായകനായിരുന്ന അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ്. വിനീത് ശ്രീനിവാസൻ ആദ്യമായി നെഗറ്റീവ് ഷേഡിലുള്ള അഭിഭാഷക വേഷം അവതരിപ്പിച്ച ചിത്രം വ്യത്യസ്തമായ ആഖ്യാനശൈലി മൂലം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പരാമർശത്തിന് പിന്നാലെ നിരവധി ട്രോളുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ചിത്രം ഉടനീളം നെഗറ്റീവ് ആണെന്നും ഇത്തരത്തിലുള്ള സിനിമയ്ക്ക് എങ്ങനെ സെൻസറിംഗ് ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ക്ളൈമാക്സിൽ നായികയുടെ ഡയലോഗിനെക്കുറിച്ചും അദ്ദേഹം പരാമാർശം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |