ശ്രീനഗർ: ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ നടന്നു. സമാപന സമ്മേളനം നടന്ന ഷേർ ഇ കാശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലാണ്.
'പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താൻ ഇറങ്ങി പുറപ്പെട്ടത്. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് ജോഡോ യാത്ര തുടങ്ങിയപ്പോൾ പ്രശ്നമായി. യാത്രയിൽ വലിയ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കും എന്ന മുന്നറിയിപ്പും പലരിൽ നിന്നുമുണ്ടായി. പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവർത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമാണ് ഭാരത് ജോഡോ യാത്ര പൂർത്തീകരിക്കാൻ തുണയായത്.'
'ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ കാശ്മീരിൽ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസിലാകില്ല. എന്നാൽ കാശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസിലാകും. എന്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു. ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് ഞാൻ പോരാടുന്നത്. '- രാഹുൽ ഗാന്ധി പറഞ്ഞു.
LIVE: #BharatJodoYatraFinale rally in Srinagar, J&K. https://t.co/aj2Go6S7I9
— Congress (@INCIndia) January 30, 2023
പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് സമാപന പരിപാടികൾ നടന്നത്. കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന സമ്മേളത്തിൽ പങ്കെടുത്തു. 136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കാശ്മീരിലെത്തിയത്. 2022 സെപ്തംബർ ഏഴിനാണ് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങള്‍ക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |