തിരുവനന്തപുരം: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസും റെയിൽവേ വികസനവും പോലുള്ള ദീർഘകാല ആവശ്യങ്ങൾ ഉൾപ്പെടുത്താത്ത കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രാദേശിക സന്തുലനം പാലിക്കാത്ത ബഡ്ജറ്റാണിത്. വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം പരിഹരിക്കാൻ ഒരു മാർഗവും ഇല്ല. കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തമാക്കുന്നതുമാണ് ബഡ്ജറ്റ്.
2023-24 സാമ്പത്തിക വർഷത്തെ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറയുന്നു. മൂന്ന് ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയിലുമാണ്. 15ാം ധനകാര്യ കമ്മീഷന്റെ ശുപാർശകളിൽ ഉള്ളത് ആവർത്തിച്ചതല്ലാതെ ഒരു ഇളവും പ്രഖ്യാപിച്ചില്ല.
കേന്ദ്രത്തിന്റെ ധനകമ്മി 6.4 ശതമാനമായിരിക്കും. കൊവിഡ് പ്രത്യാഘാതങ്ങളിൽ ഉഴലുന്ന സംസ്ഥാനങ്ങൾക്ക് നാല് ശതമാനമെങ്കിലും അനുവദിക്കണം. അത് പരിഗണിച്ചിട്ടില്ല.
മൂലധന ചെലവിന് സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പ തുടരുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ധാരാളം നിബന്ധനകളുണ്ട്. അതിസമ്പന്നർക്ക് നികുതി ചുമത്താനുള്ള നടപടികളും ഇല്ല. തൊഴിലുറപ്പു പദ്ധതിക്ക് 2021-22ൽ 98,467.85 കോടിയാണ് ചെലവിട്ടത്. പുതിയ ബഡ്ജറ്റിൽ 60,000 കോടിയും. കേന്ദ്രത്തിന്റെ സുപ്രധാന പദ്ധതിയുടെ കേന്ദ്ര വിഹിതം കുറയ്‌ക്കുന്നത് തിരുത്തണം.
ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികൾക്ക് 2021-22 ൽ 15097.44 കോടി ചെലവിട്ടെങ്കിൽ ഇപ്പോൾ 8,820 കോടിയായി കുറഞ്ഞു.
നാഷണൽ ഹെൽത്ത് മിഷന് 2021-22 ൽ 27,447.56 കോടി ചെലവിട്ടെങ്കിൽ ഇപ്പോൾ 29,085.26 കോടിയാണ്. 0.42 ശതമാനത്തിന്റെ നാമമാത്ര വർദ്ധന. ആരോഗ്യമേഖലയ്ക്ക് പരിഗണനയില്ലെന്നതിന്റെ തെളിവാണ് ഇത്.
കേന്ദ്ര ബഡ്‌ജറ്റിലെ സംസ്ഥാന പദ്ധതികൾ സർക്കാർ പരിശോധിച്ച് കേരളത്തിന് ഗുണമുള്ളവയ്‌ക്ക് പരമാവധി ചെലവ് ചെയ്യും. കേരളത്തിന്റെ റെയിൽവേ, പശ്ചാത്തല വികസന പദ്ധതികൾക്ക് ആവശ്യമായ പ്രഖ്യാപനങ്ങൾ ബഡ്ജറ്റ് സമ്മേളനത്തിൽ തന്നെ ഉണ്ടാകണമെന്നും കേന്ദ്രത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |