തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നിക്ഷേപങ്ങൾ തിരികെ നൽകാനുള്ള നടപടികളും കൈക്കൊള്ളുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വസിക്കുകയാണ് ആയിരത്തിലേറെ നിക്ഷേപകരും കുടുംബാംഗങ്ങളും.
തട്ടിപ്പ് കണ്ടെത്തി മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യപ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയ്യാറാകാത്തതിൽ ആശങ്കയിലായിരുന്നു നിക്ഷേപകർ. വ്യാജ രേഖകൾ നൽകി 1500 ഓളം നിക്ഷേപകരിൽ നിന്നായി 210 കോടിയിലേറെ രൂപയാണ് ഭരണസമിതി വെട്ടിച്ചത്. ബി.എസ്.എൻ.എൽ ജീവനക്കാരെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിര നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ബി.എസ്.എൻ.എല്ലിൽ നിന്ന് അടുത്തിടെ വി.ആർ.എസ് വാങ്ങിയവരുടെ 41 കോടി നിക്ഷേപവും തട്ടിപ്പിൽപ്പെട്ടു.
മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്കായ 9.5 ശതമാനമാണ് വി.ആർ.എസുകാർക്ക് സൊസൈറ്റിയിൽ നൽകിയിരുന്നത്. ഇതുകാരണം ബി.എസ്.എൻ.എല്ലിൽ നിന്ന് വി.ആർ.എസ് വാങ്ങിയവരുടെ അക്കൗണ്ടുകളിൽ സർവീസിലുള്ളവരുൾപ്പെടെ നിക്ഷേപം നടത്തിയിരുന്നു. രണ്ടുലക്ഷം മുതൽ രണ്ടരക്കോടിവരെ നിക്ഷേപിച്ചവരുണ്ട്. 1987ൽ സൊസൈറ്റി രൂപീകരിച്ചതുമുതലുള്ള സെക്രട്ടറിയും പ്രസിഡന്റും ക്ളാർക്കുമാണ് തട്ടിപ്പിന് പിന്നിൽ. തട്ടിപ്പ് കണ്ടെത്തിയതോടെ ക്ളാർക്ക് എ.ആർ.രാജീവിനെ സസ്‌പെൻഡ് ചെയ്‌തു. തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കണക്കെടുപ്പ് ഇനിയും പൂർത്തിയായിട്ടില്ല. വാർഷിക പൊതുയോഗമോ വരവുചെലവ് കണക്ക് അവതരണമോ കൃത്യമായി നടത്താതെ അമിതപലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപങ്ങൾ ആകർഷിച്ച് പണമിടപാടുകൾ നടത്തിയായിരുന്നു തട്ടിപ്പ്.
നിക്ഷേപങ്ങൾ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിനും സ്വകാര്യ ബാങ്കുകൾക്കും വ്യക്തികൾക്കും മറ്റുമായി വകമാറ്റിയതാണ് സഹകരണ സംഘത്തെ പ്രതിസന്ധിയിലാക്കിയത്. സ്ഥിര നിക്ഷേപമായി വന്ന കോടികൾ ഉൾപ്പെടെ തിരിമറി നടത്തിയതോടെ നിക്ഷേപകർക്ക് പലിശയോ യഥാസമയം നിക്ഷേപമോ തിരികെ നൽകാൻ കഴിയാതെ വന്നതാണ് തട്ടിപ്പുകൾ പുറത്തുവരാൻ കാരണം. 65 മുതൽ 85 വയസുവരെ പ്രായമുള്ളവരാണ് നിക്ഷേപകരിൽ അധികവും. മുഴുവൻ സമ്പാദ്യവും തട്ടിപ്പിൽപ്പെട്ടതോടെ മരുന്ന് വാങ്ങാനോ നിത്യവൃത്തിക്കോ മാർഗമില്ലാതെ വലയുകയാണ് പലരും.
കേസിൽ പ്രതികളായതോടെ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിക്ഷേപകരും പ്രോസിക്യൂഷനും എതിർത്തതിനെതുടർന്ന് മുൻകൂർ ജാമ്യം ലഭിച്ചില്ല. കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും നിക്ഷേപകർക്ക് പണം തിരികെക്കിട്ടാൻ നടപടിവേണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നൽകിയ ഹർജി 10ന് ഹൈക്കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |