SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

പാചക വാതക ക്ഷാമം മാത്രമല്ല,​ ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടിയായി മറ്റൊരു പ്രശ്നവും

hotel

കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം ഇനങ്ങൾക്കും 10 - 15 രൂപയാണ് വർദ്ധിച്ചത്. മിക്കതിനും വില 50 ന് മുകളിലാണ്. പാചക വാതക ക്ഷാമത്തിനിടെയുണ്ടായ പച്ചക്കറി വിലക്കയറ്റം ഹോട്ടൽ മേഖലയ്ക്കും ഇരുട്ടടിയായി. ഒരു കിലോ ബീൻസ് പയറിന്റെ ചില്ലറ വില 170 യാണ്. പയറിനും പാവയ്ക്കും 100. ഗ്രാമപ്രദേശങ്ങളിൽ എത്തുമ്പോൾ വില ഉയരുകയാണ്. കൂടുതൽ വിറ്റുപോകുന്ന ഇനങ്ങളുടെയെല്ലാം ശരാശരി വില 80 രൂപയിലേക്ക് അടുത്തു. മൊത്തവിലയും ചില്ലറ വിലയും തമ്മിൽ 5 മുതൽ 20 രൂപയുടെ വ്യത്യാസമുണ്ട്. തക്കാളി, പടവലം എന്നിവയുടെ വിലയിൽ കുതിപ്പാണെന്ന് വ്യാപാരികൾ പറയുന്നു. നാരങ്ങ വില അല്പം താഴ്ന്ന് 220 രൂപയിലേക്കെത്തി. നാടൻ ഇനങ്ങൾ വിപണിയിൽ ഉള്ളതിനാൽ ചേന 40 രൂപയ്ക്കും, ചേമ്പ് 60 രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്. ഗ്രാമപ്രദേശങ്ങളിൽ വില്പന ഇല്ലെങ്കിലും ചക്കക്കുരുവിന്റെ ചില്ലറ വില 80 രൂപയാണ്.

കടുത്ത ചൂട് വില്ലനായി

കടുത്ത ചൂടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് ഇടയാക്കിയത്. ചൂട് താങ്ങാനാകാതെ വിളകൾ വാടി നശിച്ചു. വൻനാശമാണ് കർഷകർക്കുണ്ടായത്. കമ്പം, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഊട്ടി മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികൾ കൂടുതലായും എത്തുന്നത്. ഇവിടങ്ങളിലും ഇത്തവണ ചൂട് കൂടുതലായിരുന്നു. നിരവധി കർഷക സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനും ന്യായവിലയ്ക്ക് എടുത്ത് വിറ്റഴിക്കുന്നതിനും സാധിക്കുന്നില്ല. ചെറുകിട കർഷകർക്കായി വിപണിസംവിധാനം ഒരുക്കണമെന്നാവശ്യം.

നഷ്ടക്കച്ചവടമെന്ന് ഹോട്ടലുടമകൾ

ഊണിന് ഡിമാൻഡേറെയുള്ള ഹോട്ടലുകളിൽ വില വർദ്ധന തിരിച്ചടിയായി. പലരും വില കൂടിയ പച്ചക്കറികൾ പേരിന് മാത്രമാക്കി. പാചകവാതക വിലക്കയറ്റവും, ക്ഷാമത്തെയും തുടർന്ന് ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിരുന്നു. എന്നാൽ എല്ലാ ഭക്ഷണ വിഭവങ്ങളും അടുപ്പിലുണ്ടാക്കുക പ്രായോഗികമല്ല. വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമെന്നാണ് ഉടമകളുടെ ആശങ്ക.

മാർക്കറ്റിലെ ചില്ലറ വില
മുളക്, പയർ,പാവയ്ക്ക, പടവലം : 80
ക്യാരറ്റ്, വെണ്ടയ്ക്ക, ബീറ്റ്‌റൂട്ട്, തക്കാളി : 60

കോവയ്ക്ക, മുരിങ്ങയ്ക്ക, കോളിഫ്ലവർ : 60
ക്യാബേജ്, കത്രിക്ക, ഏത്തക്കായ : 48
കറിക്കായ, മാങ്ങ, വെള്ളരി : 40

''നാടൻ ഇനങ്ങളുടെ വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമാകുന്നു. വേനൽ മഴ നേരത്തെ എത്തിയിരുന്നെങ്കിൽ കോവയ്ക്ക, പാവയ്ക്ക, പയർ, പടവലം എന്നിവ വിപണിയിൽ എത്തേണ്ട സമയമായിരുന്നു.

(വ്യാപാരികൾ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA