
ന്യൂഡൽഹി: അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്‌മയാണ് സിജെപി അഥവാ കോക്രോച്ച് ജനതാ പാർട്ടി. ഇപ്പോഴിതാ സിജെപിയ്ക്ക് പിന്നാലെ പുതിയ തരംഗമാകാൻ എത്തിയിരിക്കുകയാണ് ഒജെപി അഥവാ ഓഗി ജനതാ പാർട്ടി.
കോക്രോച്ച് ജനതാ പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടിയാണ് കുട്ടിക്കാലത്തെ ജനപ്രിയ കാർട്ടൂൺ പരമ്പരയായ ഓഗി ആൻഡ് ദി കോക്രോച്ചസ് എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ പുതിയ സോഷ്യൽ മീഡിയ പേജ് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ സിജെപിയുടെ സ്വീകാര്യത നേടാൻ ഒജെപിക്ക് കഴിഞ്ഞിട്ടില്ല. ഡിജിറ്റൽ ലോകത്ത് ഇരുവിഭാഗങ്ങളും തമ്മിൽ നടക്കുന്ന ഈ തമാശ യുദ്ധം ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ഓഗി ജനതാ പാർട്ടിയുടെ പ്രധാന ആരോപണം. ആം ആദ്മിയുടെ സോഷ്യൽ മീഡിയ ഇലക്ഷൻ ക്യാമ്പയിൻ ടീമുകളിൽ മുൻപ് വോളന്റിയറായി അഭിജീത് പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് 2024ൽ അഭിജീത് പങ്കുവെച്ച ഒരു പഴയ ട്വീറ്റും ഒജെപി പുറത്തുവിട്ടു.
എല്ലാത്തരം പ്രാണികളെയും കൊന്നൊടുക്കുക എന്നതാണ് ഓഗി ജനതാ പാർട്ടിയുടെ ലക്ഷ്യം. ഏത് വലിപ്പത്തിലുള്ള ഏത് ഇനത്തിൽപ്പെട്ട പാറ്റയായാലും അവയെ ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ഇവർ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു കൊളാഷും ഇവർ പങ്കുവച്ചു. 'വാളുകളുടെ മൂർച്ചയാൽ രൂപപ്പെട്ട ഒരു മണ്ണിലെ യുവാക്കൾ, തങ്ങളെ 'പാറ്റകൾ' എന്ന് വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ഇത് യഥാർത്ഥത്തിൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ ലക്ഷണമാണ്'- എന്നാണ് ഒജെപിയുടെ പരിഹാസം.
മൃഗങ്ങളുടെ അവകാശങ്ങൾക്കായി ആറ് ഇന പ്രകടനപത്രികയും ഒജെപി പുറത്തിറക്കി. തെരുവ് മൃഗങ്ങൾക്ക് സൗജന്യ ചികിത്സ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്‌ക്കെതിരെ കർശന നിയമങ്ങൾ,കൂടുതൽ ഷെൽട്ടറുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലും ഒജെപി പ്രതികരിച്ചു. നീറ്റ് പേപ്പർ ചോർച്ച വിവാദത്തിൽ ഇരകളായ വിദ്യാർത്ഥികൾക്ക് നീതി വേണമെന്നും ഒജെപി ആവശ്യപ്പെട്ടു. അതേസമയം, തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയല്ല പ്രവർത്തിക്കുന്നതെന്നും ഓഗി ജനതാ പാർട്ടി ഇൻസ്റ്റാഗ്രാം ബയോയിൽ കുറിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |