
ന്യൂഡൽഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യൻ നാവികസേന ജീവനക്കാരൻ അറസ്റ്റിൽ. ഡൽഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്‌ടറേറ്റ് ഒഫ് ഡോക്യാർഡിലെ ക്ളർക്ക് ആയ വിശാൽ യാദവ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്കുവേണ്ടി വർഷങ്ങളായി ഇയാൾ വിവരം ചോർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും വിശാൽ പാകിസ്ഥാന് വിവരം കൈമാറിയതായി കണ്ടെത്തി.
വിശാലിനെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. രാജസ്ഥാൻ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. നാവികസേന, മറ്റ് പ്രതിരോധ യൂണികൾ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള രേഖകൾ ഇയാൾ പാകിസ്ഥാനിലെ ഒരു യുവതിക്കാണ് കൈമാറിയത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് വിശാൽ പ്രിയ ശർമ എന്ന യുവതിയുമായി ബന്ധപ്പെട്ടിരുന്നത്. പണത്തിനുവേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ ചാരപ്രവൃത്തികൾ രാജസ്ഥാന്റെ സിഐഡി ഇന്റലിജൻസ് യൂണിറ്റ് നിരീക്ഷിച്ച് വരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിശാൽ അറസ്റ്റിലായതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്‌ണുകാന്ത് ഗുപ‌്ത വ്യക്തമാക്കി.
ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ വിശാൽ തന്റെ സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാനാണ് പാകിസ്ഥാന് രഹസ്യമായി വിവരങ്ങൾ ചോർത്തിയത്. ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് അക്കൗണ്ടിലൂടെയാണ് ഇയാൾ പണം സ്വീകരിച്ചിരുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
