SignIn
Kerala Kaumudi Online
Monday, 18 May 2026 2.39 AM IST

തലയെടുപ്പോടെ ഹരിപ്പാട്

1

ആലപ്പുഴ: ആഭ്യന്തര -വിജിലൻസ് വകുപ്പുമന്ത്രിയായി തങ്ങളുടെ ജനനായകൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അഭിമാനത്തിലും ആവേശത്തിലുമാണ് ഹരിപ്പാട്. കർമ്മം കൊണ്ട് രമേശ് ചെന്നിത്തലയുടെയും ജന്മം കൊണ്ട് ഹരിപ്പാടുകാരനായ എം.ലിജുവിന്റെയും സ്വന്തമാണ് ഹരിപ്പാട്. ആ അർത്ഥത്തിൽ ഇരട്ടമന്ത്രിമാരുള്ള മണ്ഡലമെന്ന വമ്പും ഹരിപ്പാടിന് സ്വന്തം.

1982ൽ കന്നി വിജയം സമ്മാനിച്ച മണ്ഡലത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെയാണ് രമേശിലൂടെ ലഭിച്ചത്. ഘട്ടം ഘട്ടമായി ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയ്ക്കൊപ്പം 2011 മുതൽ തുടർച്ചയായുള്ള എം.എൽ.എ സ്ഥാനവും രണ്ടരവർഷം ആഭ്യന്തര മന്ത്രിപദവിയും 2016 ൽ പ്രതിപക്ഷ നേതൃപദവിയുമൊക്കെ രമേശിലൂടെ ഹരിഗീതപുരത്തിന് ലഭിച്ച അലങ്കാരമായിരുന്നു.

കെ.എസ്.യു നേതാവായിരിക്കെ കെ.കരുണാകരന്റെ താല്പര്യപ്രകാരം കന്നി മത്സരത്തിനിറങ്ങിയ 1982ലാണ് മാവേലിക്കരക്കാരനായ രമേശിന് ഹരിപ്പാടുമായുള്ള അടുപ്പം തുടങ്ങുന്നത്. കന്നി മത്സരത്തിൽ തന്നെ നിയമസഭയിലേക്ക് അയച്ച നാടിനോടും നാട്ടുകാരോടുമുള്ള രമേശിന്റെ സ്നേഹവും കടപ്പാടും കാലത്തിനും പദവികൾക്കുെമാപ്പം വളർന്നുകൊണ്ടേയിരുന്നു. 2011മുതൽ തുടർച്ചയായി നാലാം തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തലയെ 23,377 വോട്ടിന്റെ ഭൂരിപക്ഷം നൽകി 68,184 വോട്ടോടെയാണ് ഇത്തവണ ഹരിഗീത പുരേശരന്റെ മണ്ണിൽ നിന്ന് നിയമസഭയിലേക്ക് ജയിപ്പിച്ചുവിട്ടത്.

ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായതോടെ ഹരിപ്പാട് വി.ഐ.പി മണ്ഡലമായി മാറി. 2016 മുതൽ 2021വരെ 14ാം കേരള നിയമസഭയുടെ പ്രതിപക്ഷനേതാവായും ഹരിപ്പാടിന്റെ പ്രതാപം കാത്ത രമേശിനെ മണ്ഡലവും ജനങ്ങളും ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്. പ്രിയ എം.എൽ.എ ഒരിക്കൽകൂടി ആഭ്യന്തര മന്ത്രികസേരയിലെത്തുന്നതിന്റെ ആഹ്ളാദാവേശത്തിലാണ് ഹരിപ്പാട്. തൊട്ടടുത്ത മണ്ഡലമായ കായംകുളത്തു നിന്നാണ് എം.ലിജു വിജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HARIPPAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA