SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.30 PM IST

പാലക്കാട് ഐ.ഐ.ടിയിൽ വിദ്യാർത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ഗുരുതര പരിക്ക്, അക്രമിയെ തിരിച്ചറിഞ്ഞില്ല

Increase Font Size Decrease Font Size Print Page
f

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അജ്ഞാതൻ തലയ്ക്കടിച്ച് വീഴ്ത്തി. വലതുകണ്ണിനു മുകളിലായി നെറ്റിയിലും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

നാലാം വർഷ ഡാറ്റ സയൻസ് എൻജിനിയറിംഗ് വിദ്യാർത്ഥിനിയും സേലം സ്വദേശിയുമായ അശ്വിനി കണ്ണനാണ് (21)​ ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.


തിങ്കളാഴ്ച രാത്രി 7.30നാണ് ഹോസ്റ്റലിൽ നിന്നും മീറ്ററുകൾക്കപ്പുറമുള്ള ഡൈനിംഗ് ഹാൾ പരിസരത്തേക്ക് നടന്നു പോകുന്നതിനിടെ ആക്രമണമുണ്ടായത്. നിലവിളി കേട്ടു മുന്നിൽ പോകുകയായിരുന്ന സഹപാഠികൾ തിരിഞ്ഞു നോക്കിയപ്പോഴാണ് തലയിൽ രക്തംവാർന്ന നിലയിൽ അശ്വനിയെ കണ്ടത്. അബോധാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. അക്രമി കോളേജ് ക്യാമ്പസിലുള്ള ആളാവാനാണ് സാദ്ധ്യതയെന്ന് കോളേജ് അഡ്വൈസർ കെ.എം. ഉണ്ണി പറഞ്ഞു. പുറത്തുനിന്ന് ആളുകളെത്തി അക്രമം നടത്താൻ സാദ്ധ്യതയില്ലെന്ന് വിദ്യാർത്ഥികളും വ്യക്തമാക്കി.


വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള ക്യാമ്പസിനകത്ത് മുമ്പും സമാന രീതിയിൽ ആക്രമണം നടന്നിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ പറഞ്ഞു. വിദ്യാർത്ഥിനിയുടെ മൊഴിയെടുക്കും. ക്യാമ്പസിലെ സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ആക്രമണം നടന്ന ഭാഗത്ത് സി.സി ടിവി ഇല്ലെന്നത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA