SignIn
Kerala Kaumudi Online
Tuesday, 12 May 2026 6.10 PM IST

ജീവിതത്തിൽ ഒന്നായില്ല, പക്ഷേ മരണത്തിൽ... പ്രഫുല്ലയുടെ അവസാന ആഗ്രഹം നിറവേറ്റി, അന്ത്യവിശ്രമം പ്രതിശ്രുത വരനരികെ

Increase Font Size Decrease Font Size Print Page

prabhulla

കാസർകോട്: അവസാന ആഗ്രഹംപോലെ പ്രതിശ്രുത വരന്റെ തൊട്ടുത്ത് പ്രഫുല്ലയ്ക്ക് നിത്യനിദ്ര‌. പ്രതിശ്രുത വരനായ മണിയുടെ മരണത്തിൽ മനംനൊന്ത് പ്രഫുല്ലയെ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയതമനരികിൽ അന്തിയുറങ്ങണമെന്ന പ്രഫുല്ലയുടെ അവസാനത്തെ ആഗ്രഹപ്രകാരം മൃതദേഹം മണി അന്ത്യനിദ്രകൊള്ളുന്ന തമിഴ്നാട്ടിലെ വീട്ടിലേക്കു കൊണ്ടുപോവുകയായയിരുന്നു. മണിയെ അടക്കിയ സ്ഥലത്തുതന്നെ തന്നെയും സംസ്കരിക്കണമെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവീട്ടുകാരും സമ്മതിച്ചതോടെയാണ് പ്രഫുല്ലയുടെ മൃതദേഹം മണിക്കരികിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കുകയായിരുന്നു.

കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിൽ ബി.ജയാനന്ദൻ- ദേവി ദമ്പതികളുടെ മകളാണ് പ്രഫുല്ല (26). തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയാണ് മണി (30).ജനുവരിയിൽ വാഹനാപകടത്തിൽപ്പെട്ടാണ് മണി മരിച്ചത്.പാലക്കാട് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനിടെയാണ് പ്രഫുല്ലയും ഫൈനാൻസ് കമ്പനിയിലെ ജോലിക്കാരനായ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മണിയും (30) പ്രണയത്തിലായത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് മണി സ്ഥിരമായി പാലക്കാടെത്തിയിരുന്നത്. ഫൈനാൻസ് കമ്പനിയിലെ താത്കാലിക ജോലി സ്ഥിരമായശേഷം പ്രഫുല്ലയെ വിവാഹം കഴിക്കാമെന്ന് മണി ഉറപ്പുനൽകിയിരുന്നു. തുടർന്ന് ഒമ്പതു മാസം മുമ്പ് വിവാഹ നിശ്ചയം നടന്നു. ജോലി സ്ഥിരമായതോടെ ഈ വർഷം മഴക്കാലത്തിനു മുമ്പ് വിവാഹം നടത്താനായിരുന്നു തീരുമാനം.

അതിനിടെയാണ് മണി സഞ്ചരിച്ച ബൈക്കിനു പിറകിൽ കാറിടിച്ചത്. ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ മണി രണ്ടുമാസം മുമ്പ് മരണത്തിനു കീഴടങ്ങി. മണിയുമായുള്ള ജീവിതം സ്വപ്നം കണ്ട പ്രഫുല്ലയെ ഈ വിയോഗം തകർത്തു. കുടുംബാംഗങ്ങൾ ബന്ധുവിന്റെ കല്യാണത്തിനുപോയ സമയത്താണ് പ്രഫുല്ല ജീവനൊടുക്കിയത്.പ്രമോദിനി, പ്രമോദ് കുമാർ എന്നിവരാണ് പ്രഫുല്ലയുടെ സഹോദരങ്ങൾ.

TAGS: PRABHULLA, KASARKODU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA