തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ഏഴിടങ്ങളിലും ലീഡ് നേടിയാണ് ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ വിജയം.
അരൂർ, അരൂക്കുറ്റി, എഴുപുന്ന, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലാണ് ഷാനിമോൾ ഉസ്മാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ദലീമയെ മറികടന്ന് മുന്നിലെത്തിയത്. പെരുമ്പളം, പള്ളിപ്പുറം, പാണാവള്ളി പഞ്ചായത്തുകളിൽ എൽ.ഡി.എഫിനായിരുന്നു മുൻതൂക്കം.
പെരുമ്പളത്ത് ദെലീമ ലീഡ് നേടി. നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായ പെരുമ്പളം പാലം തെരഞ്ഞെടുപ്പിന് മുമ്പ് യാഥാർത്ഥ്യമായത് ഇവിടെ എൽ.ഡി.എഫിന് അനുകൂലമായി. ദലീമയ്ക്ക് 3585 വോട്ടാണ് ലഭിച്ചത്. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 3563 വോട്ടിനേക്കാൾ വെറും 22 വോട്ടിന്റെ വർദ്ധന മാത്രമാണിത്.
എൽ.ഡി.എഫ് ഭരിക്കുന്ന തുറവൂർ, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, അരൂക്കുറ്റി പഞ്ചായത്തുകളിൽ ഷാനിമോൾ ലീഡ് നേടിയത് എൽ.ഡി.എഫ് ക്യാമ്പുകളിൽ ഞെട്ടലുണ്ടാക്കി. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് നേട്ടം കണ്ടെത്താനായത് ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പള്ളിപ്പുറത്തും പെരുമ്പളത്തും മാത്രമായിരുന്നു എൽ.ഡി.എഫിന് ലീഡ് ലഭിച്ചിരുന്നത്. പിന്നീട് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തിൽ ഏഴ് പഞ്ചായത്തുകളിൽ എൽ.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.
പഞ്ചായത്ത് തലത്തിൽ വോട്ടുനില
(പഞ്ചായത്ത്, യു.ഡി.എഫ്,എൽ.ഡി.എഫ്,എൻ.ഡി.എ)
അരൂർ : 13,030, 8,511, 2,742 അരൂക്കുറ്റി: 7,096,5,589,949 പെരുമ്പളം: 2,313, 3,585, 553 എഴുപുന്ന : 7,693, 5,993,2,069 പാണാവള്ളി: 8,780,9,064,2,599 കോടം തുരുത്ത്: 5,582,5,245,1,998 തൈക്കാട്ടുശ്ശേരി: 6,078,5,455,1,654 കുത്തിയതോട് : 6,938,5,433,2,281 പള്ളിപ്പുറം: 7,561,7,701, 2,890 തുറവൂർ: 8,251,7,593,2,320 പോസ്റ്റൽ വോട്ടുകൾ: 1,087, 976, 279 ആകെ: 74,469, 65,145, 20,334
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |