SignIn
Kerala Kaumudi Online
Thursday, 07 May 2026 4.03 PM IST

പാചകവാതക വിലവർദ്ധന: ജില്ലയിൽ ഹോട്ടൽ സമരം പൂർണം

Increase Font Size Decrease Font Size Print Page
f

ഹോട്ടലുകൾ അടഞ്ഞു; ജനം വലഞ്ഞു

കൊച്ചി: പാചകവാതക വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ നടത്തിയ സമരം ജില്ലയിൽ പൂർണം. ഹോട്ടലുകളും ബേക്കറികളും കാന്റീനുകളും അടഞ്ഞുകിടന്നതോടെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തിൽ, സംഘടനയിൽ അംഗങ്ങളല്ലാത്ത ചെറുകിട ഭക്ഷണശാലകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്.

ഓൺലൈൻ ഭക്ഷ്യവിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതിരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. നഗരത്തിൽ താമസിക്കുന്ന വിദ്യാർത്ഥികളെയും സമരം ബാധിച്ചു.

യാത്രക്കാരും ഇതര സ്ഥലങ്ങളിൽ നിന്നെത്തി താമസിച്ച് ജോലി ചെയ്യുന്നവരും ഇന്നലെ ദുരിതത്തിലായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും വന്നിറങ്ങിയവർക്ക് ചെറുകടകളെയാണ് ആശ്രയിക്കേണ്ടി വന്നത്. ആശുപത്രികളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും കാന്റീനുകളിൽ വലിയ തിരക്കനുഭവപ്പെട്ടു.

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കെടുത്തു.

വില കുതിക്കുന്നു


പാചകവാതക സിലിണ്ടറിന് വില വർദ്ധിപ്പിച്ചതോടെ ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും ഭക്ഷണസാധനങ്ങൾക്ക് വൻതോതിൽ വില വർദ്ധിപ്പിക്കുകയാണ്. പലയിടത്തും ചായയ്ക്കും ചെറുകടിക്കും 15 രൂപ വരെയായി. ഗ്യാസ് ക്ഷാമം നേരിട്ട സമയത്തുതന്നെ പല ഭക്ഷണശാലകളും നേരിയ തോതിൽ വില വർദ്ധിപ്പിച്ചിരുന്നു. ഇന്നലെ ചെറുകിട ഭക്ഷണശാലകളിൽ പുതിയ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചു. പാലിന്റെയും പാലുത്പന്നങ്ങളുടെയും വിലവർദ്ധന ഉടൻ ഉണ്ടാകുമെന്ന സൂചനകൾക്കിടെ ചായ ഉൾപ്പെടെയുള്ളവയ്ക്ക് വില വീണ്ടും വർദ്ധിച്ചേക്കും.

സർക്കാർ ഇടപെടണം: കെ.എച്ച്.ആർ.എ


ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യോത്പാദന വിതരണ മേഖലയുടെ നിലനിൽപ്പിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെ.എച്ച്.ആർ.എ ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ സംസ്ഥാനത്തുടനീളം പ്രതിഷേധ മാർച്ചും ധർണയും നടത്തി. എറണാകുളം പനമ്പിള്ളി നഗറിലെ ഐ.ഒ.സി ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി. ഹരിഹരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി.

TAGS: LOCAL NEWS, ERNAKULAM, HOTEL STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.