
കണ്ണൂർ: പെട്രോൾ-ഡീസൽ വില വർദ്ധിച്ചതോടെ വിപണിയിൽ വിലക്കയറ്റ ആശങ്ക. മേയ് 15ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിച്ചതിനു പിന്നാലെ ചൊവ്വാഴ്ച ലിറ്ററിന് 90 പൈസ കൂടി വർദ്ധിച്ചു. അന്താരാഷ്ട്ര തലത്തിലുണ്ടായ സംഘർഷവും ക്രൂഡോയിൽ വില കത്തിക്കയറിയതുമാണ് വില വർദ്ധിക്കാൻ കാരണം.
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങി മാസങ്ങളോളം ഇന്ധന വില പിടിച്ചുനിർത്തിയതാണ്. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും നാട്ടിലെ ഇന്ധന വില നിയന്ത്രണ വിധേയമായിരുന്നു. അന്ന് എണ്ണ കമ്പനികൾക്കുണ്ടായ ഭീമമായ നഷ്ടം നികത്താനാണ് ഇപ്പോഴത്തെ പെട്രോൾ, ഡീസൽ വില വർദ്ധനവ്.
നാട്ടിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററടിസ്ഥാനത്തിൽ 110 രൂപയും, ഡീസലിന് 98.90 രൂപയുമാണ് വില. വില ഇനിയും വർദ്ധിച്ചാൽ നാട്ടിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഇന്ധന വില വർദ്ധിച്ചതോടെ 20 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനക്കാർ ജോലി സ്ഥലത്തേക്ക് പോകാൻ പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇന്ധന വില ഇനിയും വർദ്ധിച്ചാൽ സാധാരണക്കാർക്കാകും ഇരുട്ടടി.
എണ്ണവില ഇനിയും വർദ്ധിച്ചാൽ നാട്ടിൽ മറ്റ് അവശ്യവസ്തുക്കളുടെ വില ഉയർന്ന നിലയിൽ കൂടും. പ്രധാനമായും പച്ചക്കറികളുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലയാണ് കുതിച്ചുയരുക. ഇന്ധന വിലയിലുണ്ടായ വർദ്ധനവ് ഇപ്പോൾ നേരിയ തോതിൽ പ്രതിഫലിച്ചിട്ടുണ്ട്. ജില്ലയിലെ ഇറക്കുമതി, കയറ്റുമതി ചിലവിൽ വൻ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികൾ തന്നെ പറയുന്നുണ്ട്.
ഇറച്ചിക്കോഴി @ 175
കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ജില്ലയിലേക്കെത്തുന്ന ഇറച്ചിക്കോഴിയുടെ വില ഉയരുകയാണ്. ആവശ്യക്കാർ ഏറെയുള്ള ഇറച്ചിക്കോഴിക്ക് കിലോ 175 രൂപയാണ് വില. ഇന്ധന വിലയിലുണ്ടായ വർദ്ധനവാണ് കോഴി തീറ്റയുടെ വില കത്തിക്കയറാൻ കാരണം. ഇറച്ചിക്കോഴിയുടെ തീറ്റയ്ക്ക് 40 രൂപയിൽ നിന്ന് ഒറ്റയടിക്ക് 48 രൂപ ഉയർന്നിട്ടുണ്ട്. തീറ്റയിലുണ്ടായ ഉത്പാദന ഇടിവും ഇറക്കുമതി ചിലവുമാണ് ചിക്കൻ വില വർദ്ധിക്കാൻ കാരണം. ഇന്ധന വില ഇനിയും ഉയർന്നാൽ ചിക്കൻ വിലയിലും വ്യത്യാസമുണ്ടാകും.
സ്‌കൂൾ സീസണിൽ വില വർദ്ധിച്ചത് പ്രതിസന്ധി
സ്‌കൂൾ സീസൺ ആരംഭിച്ചതോടെ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് പമ്പുകളിലെ ജീവനക്കാർ പറയുന്നുണ്ട്. വരും ദിവസങ്ങളിൽ ഇന്ധന വില വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കൾ കൂടുതൽ ഇന്ധനം വാഹനങ്ങളിൽ സ്‌റ്റോക്ക് ചെയ്യുന്നുണ്ട്.
കണ്ണൂരിലെ ഇന്ധന വില
(ലിറ്ററിന്)
പെട്രോൾ 110
ഡീസൽ 98.90
കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിനായാണ് ഇന്ധന വിലയിൽ വർദ്ധന വരുത്തിയത്
എം. അജി കണ്ണൂർ ജില്ലാ പെട്രോളിയം ഡീലേഴ്സ്
അസോസിയേഷൻ ജോയിന്റ് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |