
മൂലമറ്റം: സ്കൂൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കുമോയെന്ന ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിൽ അറക്കുളം സെന്റ്.ജോസഫ്സ് ( മണ്ണൂർ ) എൽ.പി സ്കൂൾ. പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ മുന്നിലൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനുകൾ കുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന അത്രയും ഉയരത്തിൽ താഴ്ന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും കെ.എസ്.ഇ.ബി അധികൃതർ ഇക്കാര്യം ഗൗനിച്ചിരുന്നില്ല. എന്നാൽ കൊല്ലം തേവലക്കരയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി സ്‌കൂളിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനിൽതട്ടി മരിച്ചതോടെ, സ്‌കൂളുകൾക്ക് സമീപത്തുകൂടികടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അസി.എഞ്ചിനീയർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്ന് നിലപാടെടുത്തതാണ് പ്രതിസന്ധിയായത്. ഇക്കാര്യം സ്കൂളിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഈ ലൈനുകൾ മാറ്റി സ്ഥാപിക്കുകയോ, ഉയർത്തി കെട്ടുകയോ വേണമെന്ന് ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ മുമ്പ് നിരവധി അപേക്ഷകൾ നൽകിയതാണെങ്കിലും വൈദ്യുതി വകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരുമടക്കം കവിഞ്ഞദിവസം മൂലമറ്റം വൈദ്യുതി ഓഫീസിൽ എത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് പോസ്റ്റുകൾ മാറ്റിയിടാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും, കരാറുകാരനും, നാട്ടുകാരും ഒത്ത് ചേർന്നപ്പോഴാണ് വർഷങ്ങളായി തുടരുന്ന പ്രശ്നം വൈകിട്ടോടെ പരിഹരിച്ചത്. മാറ്റിയ പോസ്റ്റുകൾക്കു പകരം, ഉയരംകൂടിയ ഇരുമ്പുതൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സ്കൂളിന് ഉടനടി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് അസി.എഞ്ചിനീയർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |