
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റതുമായി ബന്ധപ്പെട്ട് കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ. സ്റ്റേഡിയത്തിനകത്തെ ശ്രീ ലക്ഷ്മി കാന്റീനിലെ ജീവനക്കാരനായ ചന്ദ്രശേഖർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
15,000 രൂപ മുതൽ 19,000 രൂപ വരെ ഉയർന്ന നിരക്കിലാണ് ഇയാൾ ടിക്കറ്റുകൾ വിറ്റിരുന്നത്. ഏകദേശം 180ലധികം ടിക്കറ്റുകൾ ഇത്തരത്തിൽ വിറ്റഴിച്ചതായാണ് പ്രാഥമിക വിവരം. ആകെ 17.52 ലക്ഷം രൂപയുടെ ടിക്കറ്റുകൾ നിയമവിരുദ്ധമായി വിറ്റഴിച്ചു. ബൾക്ക് ടിക്കറ്റുകൾ മറിച്ചുവിറ്റെന്ന പരാതിയെത്തുടർന്ന് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന് പിന്നാലെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ഒരാൾ മാത്രമല്ല ഇതിന് പിന്നിലെന്നും വലിയൊരു സംഘം സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. കെഎസ്‌സിഎ അംഗമായ ഗണേഷ് പരീക്ഷിത്താണ് തനിക്ക് ടിക്കറ്റുകൾ നൽകിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്. മാർച്ച് 28ന് നടന്ന ആർസിബി സൺറൈസേഴ്‌സ് ഹൈദരബാദ് മത്സരത്തിലും സമാനമായ രീതിയിൽ 81 ടിക്കറ്റുകൾ മൊത്തം 6.6 ലക്ഷത്തിന് മറിച്ചുവിറ്റതായി കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |