
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം വാർഷികം അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ സമ്പൂർണ മന്ത്രിസഭായോഗം ചേർന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സേവാതീർത്ഥിലായിരുന്നു യോഗം. സഹമന്ത്രിമാരും പങ്കെടുത്തു.
ജൂൺ 15നുശേഷം മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന സൂചനകൾക്കിടെയാണ് സമ്പൂർണ മന്ത്രിസഭായോഗം. പ്രകടനം മോശമായ മന്ത്രിമാരെ ഉൾപ്പെടെ മാറ്റി ബി.ജെ.പിയിൽ വിവിധ ചുമതലകൾ നൽകാനും ചില എം.പിമാരെ മന്ത്രിമാരാക്കാനും സാദ്ധ്യതയുണ്ട്. രണ്ടാം മോദി സർക്കാരിൽ രണ്ടാം വാർഷിക സമയത്ത് മന്ത്രിസഭ പുനഃസംഘടന നടന്നിരുന്നു. സമാനമായ പുനഃസംഘടന ജൂൺ 15നു ശേഷം ഉണ്ടാകുമെന്നാണ് സൂചന. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ പുതുമുഖങ്ങൾ കടന്നുവന്നേക്കും.
സർക്കാരിന്റെ ഭരണനിർവഹണവും നയനിർവഹണവും യോഗത്തിൽ അവലോകനം ചെയ്‌തതായി അറിയുന്നു. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം, പ്രധാന തീരുമാനങ്ങൾ, അവയുടെ ഫലങ്ങൾ എന്നിവയും വരും മാസങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികളും ചർച്ചയായി. സർക്കാർ പദ്ധതികളും പരിപാടികളും വിജയകരമായി നടപ്പാക്കുന്നതും ചർച്ചചെയ്‌തു. രണ്ടു വർഷത്തിനിടെ ഏറ്റെടുത്ത പരിഷ്കാര നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാ മന്ത്രാലയങ്ങളും ക്യാബിനറ്റ് സെക്രട്ടേറിയറ്റിന് സമർപ്പിച്ചിരുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഇന്ധന പ്രതിസന്ധിയും അത് സൃഷ്‌ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ചയയി. പൗരന്മാരെ ബുദ്ധിമുട്ടിക്കാതെ പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങൾ നൽകാൻ പ്രധാനമന്ത്രി മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദ്ദേശം നൽകി. ഊർജ്ജം, കൃഷി, വളം, വ്യോമയാനം, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ വരുത്തേണ്ട പരിഷ്‌കാരങ്ങൾ ചർച്ചയായി.
യോഗം പ്രധാനം
യോഗം പ്രധാനമാണെന്നും മന്ത്രിമാർ ഡൽഹിയിൽ ഉണ്ടാവണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. 2025 ജൂൺ 4 നാണ് ഇതിനുമുൻപ് മൂന്നാം മോദി സർക്കാർ സമ്പൂർണമന്ത്രിസഭ യോഗം ചേർന്നത്. ജൂൺ 9 ന് മൂന്നാം മോദി സർക്കാർ രണ്ടു വർഷം പൂർത്തിയാക്കും. രണ്ടു വർഷത്തെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |