
മുള്ളന്‍പൂര്‍ (മൊഹാലി): ലോ സ്‌കോറിംഗ് ത്രില്ലറില്‍ നിലവിലെ ചാമ്പ്യന്‍മാരെ വീഴ്ത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ്. 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ മറുപടി 15.1 ഓവറില്‍ 95 റണ്‍സിന് എല്ലാവരും പുറത്ത് എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. 62ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്ന് യുസ്‌വേന്ദ്ര ചഹാലിന്റെ മാസ്മരിക സ്പിന്‍ ബൗളിംഗിന് മുന്നില്‍ കൊല്‍ക്കത്ത കറങ്ങി വീഴുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോര്‍ എന്ന റെക്കോഡും ഈ മത്സരത്തോടെ പഞ്ചാബിന് സ്വന്തമായി.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. 1.2 ഓവര്‍ പിന്നിട്ടപ്പോഴേക്കും ഓപ്പണര്‍മാരായ സുനില്‍ നരെയ്ന്‍ 5(4), ക്വിന്റണ്‍ ഡി കോക്ക് 2(4) എന്നിവര്‍ ഡഗ്ഔട്ടിലേക്ക് മടങ്ങി. ഈ സമയത്തെ ടീം സ്‌കോര്‍ വെറും ഏഴ് റണ്‍സ് മാത്രം. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 17(17), യുവതാരം അന്‍ക്രിഷ് രഘുവംശി 37(28) എന്നിവര്‍ 55 റണ്‍സ് കൂട്ടുകെട്ട് കൊല്‍ക്കത്തയെ അനായാസ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. യുസ്‌വേന്ദ്ര ചഹല്‍ ഇരുവരേയും മടക്കിയതോടെ പഞ്ചാബിന് പ്രതീക്ഷയായി. സ്‌കോര്‍ 72ന് നാല്.
തൊട്ടടുത്ത ഓവറില്‍ മാക്‌സ്‌വെല്‍ വെങ്കിടേഷ് അയ്യരെ 7(4) വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കൊല്‍ക്കത്ത കൂടുതല്‍ പരുങ്ങി. അടുത്തടുത്ത പന്തുകളില്‍ റിങ്കു സിംഗ് 2(9), രമണ്‍ദീപ് സിംഗ് എന്നിവരും യുസ്‌വേന്ദ്ര ചഹലിന് മുന്നില്‍ വീണപ്പോള്‍ കൊല്‍ക്കത്ത 79ന് എട്ട്. ചഹലിന്റെ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും പറത്തി ആേ്രന്ദ റസല്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കി. 15ാം ഓവറില്‍ വൈഭവ് അരോറ 0(7) അര്‍ഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
അവസാന അഞ്ച് ഓവറില്‍ 17 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തയ്ക്ക് ഒരു വിക്കറ്റ് ശേഷിക്കെ വേണ്ടിയിരുന്നത്. മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തില്‍ ആന്ദ്രേ റസല്‍ 17(11) ക്ലീന്‍ ബൗള്‍ഡ് ആയതോടെ കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു. യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി. സേവ്യര്‍ ബാര്‍ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് 15.3 ഓവറില്‍ വെറും 111 റണ്‍സിന് പഞ്ചാബിന്റെ പേരുകേട്ട ബാറ്റിംഗ് നിര കൂടാരം കയറുകയായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ 22(12), പ്രഭ്സിംറാന്‍ സിംഗ് 30(15) എന്നിവര്‍ മികച്ച തുടക്കം നല്‍കിയതിന് ശേഷമാണ് ബാറ്റിംഗ് പിച്ചില്‍ അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് പഞ്ചാബിന് വിനയായത്.
3.2 ഓവറില്‍ 39 റണ്‍സ് എന്ന നിലയില്‍ ടീം സ്‌കോര്‍ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. പ്രിയാന്‍ഷ് ആര്യ പുറത്തായതിമ്പിന്നാലെ അതേ ഓവരില്‍ നായകന്‍ ശ്രേയസ് അയ്യര്‍ 0(2) മടങ്ങി. ജോഷ് ഇംഗ്ലിസ് 2(6) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയപ്പോള്‍ ഹര്‍ഷിത് റാണയ്ക്ക് മൂന്നാമത്തെ വിക്കറ്റ് സമ്മാനിച്ച് പ്രഭ്സിംറാനും മടങ്ങിപ്പോയി. നെഹാല്‍ വധേര 10(9), ഗ്ലെന്‍ മാക്സ്വെല്‍ 7(10) എന്നിവരും ബാറ്റ് വച്ച് കീഴടങ്ങിയപ്പോള്‍ 9.1 ഓവറില്‍ 76ന് ആറ് എന്ന സ്‌കോറിലേക്ക് പഞ്ചാബ് വീണു.
ഇംപാക്ട് സബ് റോളിലെത്തിയ സുയാന്‍ഷ് ഷെഡ്ഗെ ഒരു ഇംപാക്ടും ഉണ്ടാക്കാനാകാതെ 4(4) പുറത്തായി. ശശാങ്ക് സിംഗ് 18(17), മാര്‍ക്കോ യാന്‍സന്‍ 1(2), സേവ്യര്‍ ബാര്‍ട്ലെറ്റ് 11(15) അര്‍ഷ്ദീപ് സിംഗ് പുറത്താകാതെ ഒരു റണ്‍ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എളിയ സംഭാവനകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹര്‍ഷിത് റാണ പഞ്ചാബിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. വരുണ്‍ ചക്രവര്‍ത്തിക്കും സുനില്‍ നരെയ്നും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ വൈഭവ് അരോറയും ആന്റിച്ച് നോര്‍ക്യയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |