SignIn
Kerala Kaumudi Online
Thursday, 21 May 2026 4.57 PM IST

കൂപ്പര്‍ കണോലിയുടെ സെഞ്ച്വറിയും രക്ഷിച്ചില്ല, തോല്‍വി വഴങ്ങി പഞ്ചാബ്; ഹൈദരാബാദ് ഒന്നാമത്

srh

ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങി പഞ്ചാബ് കിംഗ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 33 റണ്‍സിനാണ് പഞ്ചാബ് തോറ്റത്. മത്സരഫലത്തോടെ ഹൈദരാബാദ് 11 കളികളില്‍ നിന്ന് 14 പോയിന്റുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പഞ്ചാബ് ഒരു പടി താഴേക്കിറങ്ങി രണ്ടാം സ്ഥാനത്തായി. 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്‌സിനായി കൂപ്പര്‍ കണോലി സെഞ്ച്വറി നേടിയെങ്കിലും 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിന് വളരെ പെട്ടെന്ന് തന്നെ ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യ 1(3), പ്രഭ്‌സിംറാന്‍ സിംഗ് 3(4) എന്നിവര്‍ 1.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും മടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 5(5) അധികം നീണ്ടില്ല. മൂന്നാമനായി ക്രീസിലെത്തിയ യുവ ഓസീസ് താരം കൂപ്പര്‍ കണോലി ഒരുവശത്ത് നിലയുറപ്പിച്ചെങ്കിലും മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. 59 പന്തുകള്‍ നേരിട്ട ഇടങ്കയ്യന്‍ ബാറ്റര്‍ എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറികളും സഹിതം 107 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

മാര്‍ക്കസ് സ്റ്റോയിനിസ് 28(14), സൂര്യാന്‍ഷ് ഷെഡ്‌ഗെ 25(17), ശശാങ്ക് സിംഗ് 4(3), മാര്‍ക്കോ യാന്‍സന്‍ 19(16), വിജയകുമാര്‍ വൈശാഖ് 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ശിവാംഗ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നിധീഷ് കുമാര്‍ റെഡ്ഡി, എഹ്‌സാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി.

അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇഷാന്‍ കിഷന്‍, ഹെയ്ന്‍ റിച്ച് ക്ലാസന്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 38(19) അഭിഷേക് ശര്‍മ്മ 35(13) എന്നിവര്‍ മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. 21 പന്തുകളില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്നാമനായി എത്തിയ ഇഷാന്‍ കിഷന്‍ 55(32) നാല് സിക്സറുകളും രണ്ട് ബൗണ്ടറിയും സഹിതമാണ് അര്‍ദ്ധ സെഞ്ച്വറി തികച്ചത്. 43 പന്തുകള്‍ നേരിട്ട ക്ലാസന്‍ നാല് സിക്സറുകളും മൂന്ന് ബൗണ്ടറികളും പായിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL 2026, PK VS SRH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360