മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ലിവർപൂൾ തോറ്റപ്പോൾ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്കുയർന്നു. വോൾവർ ഹാംപ്ടണാണ് എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ലിവർപൂളിനെ തകർത്തത്. പോയിന്റ് പട്ടികയിലെ മുൻനിരക്കാരായ ആഴ്സനലിനെ ശനിയാഴ്ച എവർട്ടൺ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചിരുന്നു.
എഫ്.എ കപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ലിവർപൂളിന്റെ പ്രിമിയർ ലീഗിലെ തോൽവി . ലിവർപൂൾ പ്രതിരോധതാരം ജോയൽ മാറ്റിപ്പിന്റെ സെൽഫ് ഗോളിന് പുറമേ ക്രെയ്ഗ് ഡോസൺ, റൂബൻ നെവസ് എന്നിവരും വലകുലുക്കി. 20-മത്സരങ്ങളിൽ നിന്ന് 29-പോയിന്റോടെ 10-ാം സ്ഥാനത്താണ് ലിവർപൂൾ.
ഇംഗ്ലീഷ് ലീഗ് കപ്പിൽ ഫൈനലിലെത്തിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രിമിയർ ലീഗിലും കുതിപ്പ് തുടരുകയാണ്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ടെൻഹാഗിന്റെ ശിഷ്യർ ക്രിസ്റ്റൽ പാലസിനെ കീഴടക്കിയത്. ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫോർഡ് എന്നിവർ മാഞ്ചസ്റ്ററിനായി വലകുലുക്കിയപ്പോൾ ജെഫ്രി ഷ്ലുപ്പ് ക്രിസ്റ്റൽ പാലസിന്റെ ആശ്വാസഗോൾ നേടി. 21-മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായാണ് യുണൈറ്റഡ് പട്ടികയിൽ മൂന്നാമതെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |