ചെന്നൈ: ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയുടെ ഹൈക്കോടതി ജഡ്ജി സ്ഥാനത്തേയ്ക്കുള്ള നിയമനം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. മുൻ ബിജെപി നേതാവായ ഗൗരിയുടെ നിയമനത്തിന് കേന്ദ്രം അനുമതി നൽകിയതോടെ വിവിധ തലങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് വിക്ടോറിയ ഗൗരി. നാളെ തന്നെയാണ് ഹൈക്കോടതി അഡീ. ജഡ്ജിയായി വിക്ടോറിയ ഗൗരി ചുതലയേൽക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബഞ്ച് അഭിഭാഷകയായിരുന്ന ഗൗരിയെ അടക്കം അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ജനുവരി 17-നാണ് സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്.
ഈ തീരുമാനമുണ്ടായ സമയം മുതൽ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഗൗരിയെ ജസ്റ്റിസായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിയ്ക്കും അടക്കം പരാതി ലഭിച്ചിരുന്നു.
ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ ന്യൂനപക്ഷ വിരുദ്ധത പ്രകടമാകുന്ന തരത്തിൽ എഴുതിയ ലേഖനങ്ങളുടെ പേരിലാണ് ഗൗരി സ്ഥാനത്തിന് അനർഹയാണെന്ന വിമർശനം ഉയർന്നത്. ഇവരുടെ നിലപാടുകൾ ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തത് ആണെന്ന് കാട്ടി മദ്രാസ് ഹൈക്കോടതിയിലെ തന്നെ ഒരു വിഭാഗം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വിഷയത്തിൽ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഗൗരി അടക്കമുള്ള ഹൈക്കോടതി അഭിഭാഷകരുടെ നിയമനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹർജിയ്ക്ക് കോടതി അടിയന്തര പരിഗണന നൽകുകയായിരുന്നു. സുപ്രീംകോടതി ഹർജി പരിഗണിക്കാനിരിക്കേ രാവിലെ 10.35-നാണ് ഗൗരിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |