തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വച്ച് സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലടിച്ച സംഭവത്തിൽ വിദേശത്ത് നിന്നെത്തിയ കൊല്ലം സ്വദേശിയായ മുഹമ്മദ് ഷമീൻ ഉൾപ്പെടെ 11 പേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് താമരശേരി സ്വദേശികളായ മുഹമ്മദ് രജനീഷ്, മുഹമ്മദ് ഫൈസൽ,അൻസാർ,അനീഷ്, ഫസൽ, കൊല്ലം സ്വദേശികളായ അമൽഷാ, സൽമാൻ,അൽത്താഫ്, സഹൽ മുഹമ്മദ്,മുഹമ്മദ് നസീം എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നവരെ ഏല്പിക്കാനായി ദുബായിൽ നിന്ന് താമരശേരി സ്വദേശി കൊടുത്തുവിട്ട 13 പവൻ മാല കൈമാറാതെ ഷമീൻ കടന്നുകളായാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മാല ആനറയറയിലെ പമ്പിൽ വച്ച് ഒരു സംഘം തന്നെ മർദ്ദിച്ചശേഷം തട്ടിക്കൊണ്ടുപോയതായി ഷമീൻ പൊലീസിന് മൊഴി നൽകി. മൊഴിയിൽ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. മാല കണ്ടെടുത്ത ശേഷം കേസ് കസ്റ്റംസിന് കൈമാറും. വിമാനത്താവളത്തിൽ വച്ച് കോഴിക്കോട് താമരശേരി സ്വദേശിയായ ഇസ്‌മയിലാണ് മാല കൈമാറിയത്. പുറത്ത് കാത്തുനിൽക്കുന്നവർക്ക് മാല നൽകിയാൽ 5000 രൂപ നൽകാമെന്നുമായിരുന്നു ധാരണ. കസ്റ്റംസ് പിടിക്കാതിരിക്കാൻ മാല കഴുത്തിലിട്ടാണ് ഷമീമെത്തിയത്. എന്നാൽ പുറത്തിറങ്ങിയ ഷമീൻ തന്നെ കാത്തുനിന്ന കൊല്ലത്തെ സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്ക് യാത്രതിരിച്ചു. ആനയറ പമ്പിനടുത്തെത്തിയ ശേഷം ഇസ്‌മയിലിനെ വിളിക്കുകയും മാല തന്റെ കൈയിൽ നിന്ന് ഒരു സംഘം തട്ടിയെടുത്തതായും പറഞ്ഞശേഷം ഷമീൻ യാത്ര തുടർന്നു. ഇസ്മയിൽ ഇക്കാര്യം വിമാനത്താവളത്തിന് പുറത്ത് മാലയ്ക്കായി കാത്തുനിന്ന അഞ്ചംഗ സംഘത്തെ അറിയിച്ചതോടെ അവർ ഷമീമിനെ തിരക്കി ആനയറയിലെത്തി.
അവിടെ ആരെയും കാണാത്തതിനാൽ ഫോണിൽ വിളിച്ചപ്പോൾ കഴക്കൂട്ടത്ത് എത്തിയതായി അറിഞ്ഞു. കഴക്കൂട്ടത്തുവച്ച് ഷമീനെയും അഞ്ച് സുഹൃത്തുക്കളെയും കണ്ടുമുട്ടി. പെട്രോൾ പമ്പിൽ വച്ച് മാല ആരോ തട്ടിയെടുത്തെന്ന് പറഞ്ഞെങ്കിലും മാലയ്ക്കായി എത്തിയവർ അത് വിശ്വസിച്ചില്ല. പമ്പിലെ സി.സി ടിവി പരിശോധിക്കാമെന്നു പറഞ്ഞ് ഷമീനിനെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റി. സി.സി ടിവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പമ്പിലെത്തിയ സംഘത്തെ കണ്ട് ജീവനക്കാർ പരിഭ്രാന്തരായി. ഇതോടെ പമ്പ് ജീവനക്കാർ രഹസ്യമായി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അതിനിടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. പേട്ട പൊലീസെത്തി 11 പേരെയും ഇവരുടെ രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പേട്ട പൊലീസ് കസ്റ്റംസിന്റെ സഹായം തേടിയിട്ടുണ്ട്. കേസിൽ തുടർ നടപടികൾ ഇന്ന് സ്വീകരിക്കും. മാല മറ്റാർക്കെങ്കിലും ഷമീം കൈമാറിയോയെന്നും സംശയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |