കോവളം: വെള്ളായണി കായൽ പരിസരത്ത് നിന്ന് അപൂർവയിനം ആശാരി തേനീച്ചയെന്ന സിലോകോപ സോനൊരിന ( Xylocopa sonorina ) വിഭാഗത്തിലുള്ള തേനീച്ചയെ കണ്ടെത്തി. മുട്ടയ്‌ക്കാട് സ്വദേശിയും ഭിന്നശേഷിക്കാരനുമായ സന്തോഷാണ് തേനീച്ചയുടെ ചിത്രം പകർത്തിയത്.
പ്രാണികളെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനമായ ബേഡ്സ് ഓൺ വീൽസ് ഹോളിഡേയ്സ് ഡയറക്ടർ എസ്.എസ് സതീഷ് കുമാരൻ നായരാണ് ഇവയുടെ സ്ഥിരീകരണം നടത്തിയത്.
കൂടുകൂട്ടുന്ന ശീലമുള്ളതിനാലാണ് ഇവയ്‌ക്ക് ആശാരി തേനീച്ചകളെന്ന വിളിപ്പേര് കിട്ടിയത്. സാധാരണയായി ഉഷ്ണമേഖലാ കാലാവസ്ഥയിൽ വനങ്ങളിൽ വസിക്കുകയും മരത്തിൽ മാളമുണ്ടാക്കി കൂടുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഇവ മുള, ഉണങ്ങിയ മരങ്ങൾ എന്നിവയിൽ നീളമുള്ള ആഴത്തിലുള്ള തുരങ്കങ്ങളുണ്ടാക്കും. സ്വർണ നിറമുള്ള രോമങ്ങൾ ഉള്ളതിനാൽ ടെഡി ബീയർ തേനീച്ചകളെന്നും ഇവ അറിയപ്പെടുന്നു. ഒരു സെന്റിമീറ്റർ വരെ വലിപ്പമുള്ള തേനീച്ചകൾക്ക് ഭയപ്പെടുത്തുന്ന രൂപമുണ്ടെങ്കിലും ഫലത്തിൽ ഇവ നിരുപദ്രവകാരികളാണ്.
ഒറ്റപ്പെട്ട തേനീച്ചകളുടെ (ഫാമിലി അപിഡേ) ഗ്രൂപ്പിലെ അംഗങ്ങളാണിവർ. നീളമുള്ളതും മിനുസമാർന്നതുമായ രോമങ്ങൾ വിചിത്രമായ "ബ്രഷ്" പോലെ കാലുകളിൽ കാണപ്പെടുന്നത് ഇവയുടെ പ്രത്യേകതയാണ്. പൈൻ, ദേവതാരു, റെഡ് വുഡ്, സൈപ്രസ് തടികളും ഇവ തുരക്കുന്നു. കറുത്ത നിറമുള്ള പെൺ ഇനങ്ങൾ അക്രമകാരികളാണ്. ഈ തേനീച്ചകൾ പൂന്തോട്ടങ്ങളിൽ പരാഗണത്തിലൂടെ പൂമ്പൊടി വിതരണം ചെയ്ത് മൊട്ടുകൾ വിടർത്തും. ജേർണി 2 മിസ്റ്റീരിയസ് ഐലൻഡ് എന്ന ഹോളിവുഡ് സിനിമയിൽ ആശാരി തേനീച്ചകളെ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. അപൂർവ്വ ഇനങ്ങളിലുള്ള പ്രാണികളെയും ചിത്രശലഭങ്ങളെയും വെള്ളായണി കായൽ പരിസരത്തുനിന്ന് പകർത്തുന്ന സന്തോഷിന്റെ ശേഖരത്തിൽ 28 വ്യത്യസ്തയിനം പക്ഷികളുടെ ചിത്രങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |