തിരുവനന്തപുരം - കഴക്കൂട്ടം ബൈപ്പാസിൽ ഇ.വി.പി.എസ് സംവിധാനം വിജയം
തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കേണ്ടി വരില്ല. സെൻസറുകളിലൂടെ അടിയന്തരവാഹനങ്ങളെ തിരിച്ചറിഞ്ഞ് സിഗ്നൽ ക്രമീകരിക്കുന്ന എമർജൻസി വെഹിക്കിൾ പ്രയോറിട്ടി സിസ്റ്റം (ഇ.വി.പി.എസ്) തിരുവനന്തപുരം - കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചു.
നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായാണ് സംവിധാനം വികസിപ്പിച്ചത്.പദ്ധതിയിലൂടെ അടിയന്തര വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് വേഗമെത്തി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിയും.
തിരുവനന്തപുരത്ത് നിന്ന് കഴക്കൂട്ടത്തേക്കും തിരിച്ചുമുള്ള പ്രധാന പാതകളിലാണ് ഇത് പരീക്ഷിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി, ഇ.വി.പി.എസ് ഇല്ലാത്തപ്പോഴും ഉള്ളപ്പോഴുമുള്ള യാത്രാസമയം താരതമ്യം ചെയ്തു. സംവിധാനം ഉപയോഗിച്ചപ്പോൾ യാത്രാസമയം ഗണ്യമായി കുറഞ്ഞു.കഴക്കൂട്ടത്ത് നിന്ന് വെൺപാലവട്ടത്തേക്കുള്ള യാത്രാസമയം 54 സെക്കൻഡിൽ നിന്ന് 40 സെക്കൻഡായി കുറഞ്ഞു. ഏറ്റവും കൂടുതൽ യാത്രാസമയം ലാഭിക്കാൻ കഴിഞ്ഞത് 40 സെക്കൻഡിന്റെ യാത്രയിൽ 24 സെക്കൻഡ് ലാഭിച്ചപ്പോഴാണ്.ഒരു സിഗ്നലിൽ മാത്രം ശരാശരി 10 സെക്കൻഡിലധികം സമയം ലാഭിക്കാൻ കഴിഞ്ഞതായി പഠനം പറയുന്നു.
പ്രവർത്തനം ഇങ്ങനെ
ആംബുലൻസ്, ഫയർ എൻജിൻ പോലുള്ള വാഹനങ്ങളിൽ സെൻസറുകൾ ഘടിപ്പിക്കും.സിഗ്നൽ പോസ്റ്റുകളിലും സെൻസറുകളുണ്ടായിരിക്കും.ആംബുലൻസ് എത്തുമ്പോൾ സെൻസർ തിരിച്ചറിഞ്ഞ് അതിന് കടന്നുപോകാൻ ഗ്രീൻ സിഗ്നൽ തെളിക്കും.മറ്റ് ദിശകളിലുള്ള വാഹനങ്ങൾ കൂട്ടിമുട്ടാതിരിക്കാൻ സിഗ്നൽ ലൈറ്റുകൾ ക്രമീകരിക്കും.
സെൻസറുകൾ പരിഷ്കരിക്കും
വാഹനങ്ങളെ കൂടുതൽ ദൂരത്ത് നിന്ന് തിരിച്ചറിയാൻ സെൻസറുകൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.അതേസമയം, അടിയന്തര വാഹനങ്ങൾക്ക് ഗ്രീൻ സിഗ്നൽ നൽകുമ്പോൾ മറ്റ് വാഹനങ്ങൾക്കും കടന്നുപോകാനാകും.വിദേശത്ത് ധാരാളം മൾട്ടിലൈൻ റോഡുകളുള്ളതിനാൽ അടിയന്തര വാഹനങ്ങൾക്ക് മാത്രമായി ഒരു ലൈൻ അനുവദിച്ചിരിക്കും.ഇതുവഴി ഇവയ്ക്ക് മാത്രം സംവിധാനം ഉപയോഗപ്പെടുത്താനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |