# ഹെൽത്ത് കാർഡിന് വാക്സിനേഷൻ നിർബന്ധം
ആലപ്പുഴ: ഭക്ഷണശാലകളിലെ ജീവനക്കാർക്കുള്ള ഹെൽത്ത് കാർഡിന് ടൈഫോയ്ഡ് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് സ്റ്റോക്ക് ക്ഷാമം. സർക്കാർ ആശുപത്രികളിൽ വാക്സിൻ ലഭ്യമല്ലാത്തതിനാൽ എല്ലാവരും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെയാണ് ആശ്രയിക്കുന്നത്. വലിയ ഭക്ഷണവ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഒരേ സമയം 20 പേർ വരെയാണ് വാക്സിൻ ആവശ്യപ്പെടുന്നത്. ഇതോടെ ഭൂരിഭാഗം കടകളിലും ഏതാനും ദിവസങ്ങൾ കൊണ്ട് സ്റ്റോക്ക് കാലിയായി.
പുതിയ സ്റ്റോക്കിന് ഓർഡർ നൽകി കാത്തിരിക്കുകയാണ് മെഡിക്കൽ സ്റ്റോറുകാർ. സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ എന്നു ലഭ്യമാകുമെന്നത് സംബന്ധിച്ച് അധികൃതർക്കും വ്യക്തതയില്ല. ടൈഫോയ്ഡ് വാക്സിന്റെ ഒരു ബോട്ടിൽ 165 രൂപയ്ക്കാണ് ജൻ ഔഷധി മരുന്നുശാലകളിൽ വിൽക്കുന്നത്. മറ്റ് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും മരുന്ന് 200 രൂപയ്ക്കുള്ളിൽ ലഭിക്കും. എന്നാൽ നിലവിലെ ആവശ്യകത മനസിലാക്കി മരുന്നിന്റെ വില ക്രമാതീതമായി വർദ്ധിപ്പിച്ചെന്ന് ആക്ഷേപമുണ്ട്. സർക്കാർ നീട്ടി നൽകിയ തീയതിക്കുള്ളിൽ എല്ലാ ജീവനക്കാരുടെയും പരിശോധനകൾ പൂർത്തിയാക്കി ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ സ്ഥാപനമുടമ നടപടി നേരിടേണ്ടി വരും. അതിനാൽ കിട്ടുന്ന വിലയ്ക്ക് മരുന്ന് വാങ്ങി ജീവനക്കാർക്ക് നൽകാൻ വ്യാപാരികളും തയ്യാറാകുന്നതാണ് കൊള്ളവില ഈടാക്കുന്നവർക്ക് വളമാകുന്നത്.
..............................
ടൈഫോയ്ഡ് വാക്സിൻ വില: 165 - 175 രൂപ
............................
ടൈഫോയ്ഡ് തടയുന്നതിന് ടൈഫോയ്ഡ് കൺജഗേറ്റ്, ടൈ 21 എ, ടൈഫോയ്ഡ് പോളിസാക്രറൈഡ് തുടങ്ങി വിവിധ വാക്സിനുകൾ ഔഷധവിപണിയിൽ ലഭ്യമാണ്. വാക്സിൻ സ്വീകരിച്ചവരിൽ ആദ്യ രണ്ട് വർഷങ്ങളിൽ മരുന്ന് 70 ശതമാനം വരെ ഫലപ്രദമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
...........................
ഹെൽത്ത് കാർഡ് ലഭിക്കാൻ
# ഡോക്ടർ നേരിട്ട് കാഴ്ച, ത്വക്ക്, നഖങ്ങൾ എന്നിവയുടെ പരിശോധന
# ബ്ലഡ് റുട്ടീൻ പരിശോധന
# രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഹെപ്പറ്റൈറ്റീസ് - എ, വൈഡൽ ടെസ്റ്റ്
# ക്ഷയരോഗ ലക്ഷണമുണ്ടെങ്കിൽ കഫ പരിശോധന
# ടൈഫോയ്ഡ് വാക്സിൻ
# വിരശല്യത്തിന് മരുന്ന്
ഹെൽത്ത് കാർഡിന് വേണ്ടി ടൈഫോയ്ഡ് വാക്സിനേഷൻ നിർബന്ധമാക്കിയതോടെ വാക്സിന്റെ വിപണി പത്ത് മടങ്ങോളം വർദ്ധിച്ചു. ഇതോടെ ഔഷധശാലകളിൽ വാക്സിന് ക്ഷാമം നേരിട്ടു തുടങ്ങി. കൂടുതൽ സ്റ്റോക്കിന് വേണ്ടി ഓർഡർ നൽകി കാത്തിരിക്കുകയാണ്
സി.സനൽ, ജൻ ഔഷധി, കണിച്ചുകുളങ്ങര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |