SignIn
Kerala Kaumudi Online
Saturday, 27 April 2024 3.32 AM IST

സൂര്യന്റെ ഭാഗം അടർന്നുമാറിയതല്ല ! നടന്നത് അപൂർവ പ്രതിഭാസം

sun

ന്യൂയോർക്ക്: കഴിഞ്ഞ ദിവസങ്ങളിൽ സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരു ഭാഗം അടർന്നുമാറിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് ശാസ്ത്രജ്ഞർ. സൂര്യന്റെ വടക്കൻ ഉപരിതലത്തിന് ചുറ്റും പുറത്തേക്ക് വ്യാപിച്ച് കിടക്കുന്ന പ്ലാസ്മയിൽ നിന്ന് (സോളാർ ഫിലമെന്റ് ) ഒരു ഭാഗം അകന്നുമാറി ഉത്തര ധ്രുവത്തിന് ചു​റ്റും ഭീമൻ ചുഴി പോലെ കറങ്ങിയെന്നാണ് നാസ പറയുന്നത്. ഇത് സൂര്യന്റെ ഒരു ഭാഗം അടർന്നു മാറിയെന്ന രീതിയിൽ പ്രചരിച്ചിരുന്നു. സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി ഈ പ്രതിഭാസത്തിന്റെ ദൃശ്യം പകർത്തി.

ഫിലമെന്റിൽ നിന്ന് ഇത്തരത്തിൽ അകന്നുമാറാറുണ്ടെങ്കിലും ചുഴി പോലെ കറങ്ങുന്നത് വളരെ അപൂർവമാണ്. സാധാരണ അകന്നുമാറുന്ന ഫിലമെന്റുകൾ ബഹിരാകാശത്തേക്ക് പ്രവഹിക്കുകയാണ് പതിവ്. ഇപ്പോൾ കണ്ടെത്തിയ ചുഴിക്ക് സൂര്യന്റെ കാന്തിക മണ്ഡലവുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ചുഴി എന്തുകൊണ്ട് രൂപപ്പെട്ടെന്നോ ഭൂമിയിലെ ജീവജാലങ്ങളെ ഇത് ബാധിക്കുമോയെന്നും വ്യക്തമല്ല.

സൂര്യന്റെ ഉപരിതലത്തിന് ചുറ്റുമുള്ള ഊർജ്ജ കണങ്ങൾ അടങ്ങിയ മേഘങ്ങളാണ് സോളാർ ഫിലമെന്റുകൾ. സൂര്യനും ഫിലമെന്റും കാന്തികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാഴ്ചയിൽ സൗരോപരിതലത്തിൽ നിന്ന് പ്രവഹിക്കുന്ന നാരുകൾ പോലെ തോന്നാം.

അതേ സമയം,​ സൂര്യനിൽ അടിക്കടിയുണ്ടാകുന്ന സൗരജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷനുകൾ, സൗരകൊടുങ്കാറ്റ് എന്നിവ പരിധി കടന്നാൽ ഭൂമിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. സൂര്യന്റെ അന്തരീക്ഷത്തിലെ ശക്തമായ പൊട്ടിത്തെറികളും അതിനെതുടർന്നുണ്ടാകുന്ന ഭീമൻ ഊർജ പ്രവാഹത്തെയുമാണ് സൗരജ്വാല എന്ന് പറയുന്നത്.

സൂര്യൻ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെടുന്ന കാന്തിക കണങ്ങളാണ് സൗരക്കാറ്റ്. ശക്തിയേറിയ സൗരക്കൊടുങ്കാറ്റുകളെ കൊറോണൽ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂർവമാണ്. ഇത്തരം പ്രതിഭാസങ്ങളിൽ നിന്ന് ഭൂമിയുടെ കാന്തിക കവചം സംരക്ഷണം തീർക്കുന്നു. നിലവിൽ ഇവ കാര്യമായ ഭീഷണി സൃഷ്ടിച്ചിട്ടില്ലെങ്കിലും ഭാവിയിൽ ഉപഗ്രഹ, ആശയവിനിമയ സംവിധാനങ്ങളെ ഗുരുതമായി ബാധിച്ചേക്കാം. ഇതിനാൽ സൂര്യനിലെ ചെറിയ മാറ്റങ്ങൾ പോലും ശാസ്ത്ര ലോകം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

 സൗരക്കൊടുങ്കാറ്റുകളെ സൂക്ഷിക്കണം

സൂര്യനിൽ നിന്നുള്ള

സൗരക്കൊടുങ്കാറ്റുകൾ ഭൂമിയിലെത്തുന്നത് ആധുനിക ജനജീവിതത്തെ സ്തംഭിപ്പിച്ചേക്കാമെന്ന മുന്നറിയിപ്പ് ഗവേഷകർ മുമ്പ് നൽകിയിട്ടുണ്ട്.

ഇവയ്ക്ക് ഭൂമിയിലെ ഇന്റർനെറ്റ് ശൃംഖലയെ താറുമാറാക്കാൻ കഴിഞ്ഞേക്കാം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തെയും കൂട്ടിയിണക്കിയിരിക്കുന്നത് ഇന്റർനെറ്റും മറ്റ് സാങ്കേതികവിദ്യകളുമാണ്. മിനിറ്റുകൾ കൊണ്ടാണ് ഇവയിലൂടെ രാജ്യാതിർത്തികളും കടന്ന് വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്റർനെറ്റ് ബന്ധത്തിലുണ്ടാകുന്ന തകരാർ അതിനാൽ ജനജീവിതത്തെ ബാധിക്കുമെന്നതിൽ സംശയമില്ല.

1859ലും മറ്റൊന്ന് 1921ലും താരതമ്യേന തീവ്രത കൂടിയ സൗരക്കൊടുങ്കാറ്റുകൾ രേഖപ്പെടുത്തിയിരുന്നു. 1859ലെ സംഭവം കാരിംഗ്ടൺ ഈവന്റ് എന്നറിയപ്പെടുന്നു. അന്ന് ഭൂമിയിൽ വലിയ തോതിൽ ഭൗമകാന്തിക പ്രശ്നങ്ങളാണുണ്ടായത്. ടെലിഗ്രാഫ് വയറുകൾ കത്തുകയും ധ്രുവപ്രദേശങ്ങളിൽ മാത്രം ദൃശ്യമായിരുന്ന അറോറ ഭൂമദ്ധ്യ രേഖയ്ക്ക് സമീപമുള്ള കൊളംബിയയിൽ ദൃശ്യമാവുകയും ചെയ്തു.

അതേ സമയം, ചെറിയ സൗരക്കാറ്റുകൾക്കും ചില അവസരങ്ങളിൽ ഭൂമിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാകും. 1989ൽ കനേഡിയിൻ പ്രവിശ്യയായ ക്യൂബെക്കിൽ 9 മണിക്കൂളോളം വൈദ്യുതബന്ധം താറുമാറായത് ഇതിന് ഉദാഹരണമാണ്. എന്നാൽ, ഇന്ന് ശക്തമായ ഒരു സൗരക്കാറ്റ് നേരിട്ട് ബാധിക്കുക ഇന്റർനെറ്റ് ശൃംഖലയെ ആയിരിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. യു.എസിൽ ഒരു ദിവസം മാത്രം ഇന്റർനെറ്റ് മൊത്തത്തിൽ വിച്ഛേദിക്കപ്പെട്ടാൽ കുറഞ്ഞത് ഏകദേശം 700 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.