ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ നികുതിവരുമാനം നടപ്പുവർഷം (2022-23) ഫെബ്രുവരി 10വരെയുള്ള കണക്കുപ്രകാരം 15.67 ലക്ഷം കോടി രൂപ കടന്നു. മുൻവർഷത്തെ സമാനകാലത്തേക്കാൾ 24.09 ശതമാനമാണ് വളർച്ച. റീഫണ്ടുകൾ കിഴിച്ചുള്ള അറ്റ പ്രത്യക്ഷ നികുതിവരുമാനം 12.98 ലക്ഷം കോടി രൂപയാണെന്നും 18.40 ശതമാനമാണ് വർദ്ധനയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
നടപ്പുവർഷം പ്രത്യക്ഷ നികുതിവരുമാനമായി 14.20 ലക്ഷം കോടി രൂപയുടെ സമാഹരമാണ് കേന്ദ്രം ഉന്നമിട്ടിരുന്നത്. ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ ഇത് 16.50 ലക്ഷം കോടി രൂപയായി പരിഷ്‌കരിച്ചു. ഇതുപ്രകാരം, ഇതുവരെയുള്ള അറ്റ പ്രത്യക്ഷ നികുതിവരുമാനം 78.65 ശതമാനമാണ്. അറ്റ കോർപ്പറേറ്റ് നികുതിസമാഹരണം ഇതുവരെ 15.84 ശതമാനവും സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സ് (എസ്.ടി.ടി) ഉൾപ്പെടെയുള്ള വ്യക്തിഗത ആദായനികുതി സമാഹരണം 21.23 ശതമാനവും ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |