പത്തനംതിട്ട : ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കൾ പാർട്ടി പരിപാടികൾ ബഹിഷ്കരിക്കും. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ നികുതി വർദ്ധനയ്ക്കെതിരെ ഇന്നലെ ആരംഭിച്ച യു.ഡി.എഫിന്റെ രാപ്പകൽ സമരത്തിൽ എ ഗ്രൂപ്പ് പങ്കെടുത്തില്ല. ഡി.സി.സി
മുൻപ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, ബാബു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന എ ഗ്രൂപ്പ് യോഗമാണ് പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ബാബുജോർജിനെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് മുൻ പ്രസിഡന്റുമാർ കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തെ അറിയിച്ചു. ഒരു വിശദീകരണം പോലും ചോദിക്കാതെയാണ് ബാബുജോർജിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞയാഴ്ച ചേർന്ന ഡി.സി.സി യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പ്രകോപിതനായി സംസാരിച്ചതു കൊണ്ടാണ് ഡി.സി.സി ഓഫീസിലെ വാതിൽ ചവിട്ടിത്തുറക്കുന്നത് അടക്കം പ്രതിഷേധമുണ്ടായതെന്ന് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നു. ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്ന് മൂന്ന് മുൻ പ്രസിഡന്റുമാരും ഇറങ്ങിപ്പോയിരുന്നു. പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുൻപ്രസിഡന്റുമാർ കെ.പി.സി.സിക്ക് നിരവധി പരാതികൾ നൽകിയിരുന്നു. ഇതേതുടർന്ന് എ.എ.ഷുക്കൂർ, ജി.സുബോധൻ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനെ നിയമിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബ്ളോക്ക്, മണ്ഡലം അടിസ്ഥാനത്തിൽ ഗ്രൂപ്പ് യോഗങ്ങൾ അടുത്തദിവസങ്ങളിൽ ചേരും.
എക്സിക്യൂട്ടീവ് വിളിക്കണമെന്ന് വി.ആർ സോജി
ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദമായി ചർച്ചചെയ്ത് പരിഹാരം കാണുന്നതിന് ഡി.സി.സിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് അടിയന്തരമായി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകി. പാർട്ടി നേരിരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഡി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ബ്ളോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവർ ചേർന്നുള്ള യോഗമാണ് ക്യാമ്പ് എക്സിക്യൂട്ടീവ്. അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കടന്നുപോകുന്നതെന്ന് സോജി കത്തിൽ ചൂണ്ടിക്കാട്ടി. പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെ സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി മോശമാകും. മതന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എം വേരുറപ്പിച്ചിട്ടും ആ വിഭാഗങ്ങളിൽപ്പെട്ട നേതാക്കളെ നിസാരകാര്യങ്ങളുടേ പേരിൽ മാറ്റി നിറുത്തുന്നത് ജില്ലയിലെ കോൺഗ്രസിന് ഗുണംചെയ്യില്ല. മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പോസ് തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന നിരണം തോമസ്, അഡ്വ.തോമസ് മാത്യു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, ഇപ്പോൾ ബാബു ജോർജ്ജ് എന്നിവർക്ക് നേരെയുളള നടപടികൾ സി.പി.എം ആയുധമാക്കി. ബാബു ജോർജ്ജിനെതിരെയുള്ള സസ്‌പെൻഷൻ പാർട്ടി ഭരണഘടന അനുസരിച്ചുള്ളതല്ല. ഡി.സി.സിയുടെ മുഖ്യധാരയിൽ പ്രവർത്തിച്ചിരുന്ന തന്നെ ഒന്നരവർഷമായി മാറ്റിനിറുത്തിയിരിക്കുകയാണെന്ന് സോജി പറഞ്ഞു.
ഇന്നലെ തുടങ്ങിയ യു.ഡി.എഫ് രാപ്പകൽ സമരത്തിൽ
നിന്ന് എ ഗ്രൂപ്പ് വിട്ടുനിന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |