മുണ്ടക്കയം: പാറമടയുടെ പ്രവർത്തനം കാരണം ജീവിതം വഴിമുട്ടിയെന്നാരോപിച്ച് യുവതി രണ്ടര വയസുള്ള പെൺകുഞ്ഞുമായി കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇളങ്കാട് ടോപ്പ്, കൊടുങ്ങാക്കൽ റോസമ്മ ശാമുവേലാണ് (38) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
കുഞ്ഞിനെയും ഒക്കത്തിരുത്തി പ്ലാസ്റ്റിക് ജാറിൽ മണ്ണെണ്ണയുമായെത്തിയ റോസമ്മ ജനപ്രതിനിധികളോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഓഫീസിന്റെ തിണ്ണയിൽ വച്ച് തന്റെയും കുഞ്ഞിന്റെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരന്റെയും അംഗങ്ങളുടേയും മുന്നിലായിരുന്നു സംഭവം. പഞ്ചായത്തംഗങ്ങളായ കെ.എസ്. മോഹനൻ, ആൻസി അഗസ്റ്റിൻ എന്നിവർ മണ്ണെണ്ണ ജാർ പിടിച്ചു വാങ്ങി. അതിനിടെ കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ റോസമ്മ കത്തിക്കാൻ ശ്രമിച്ചെങ്കിലും കെ.എസ്. മോഹനൻ തട്ടിമാറ്റി. തുടർന്ന് മണ്ണെണ്ണയിൽ കുളിച്ച കുട്ടിയെയും പിടിച്ചുവാങ്ങി. ഓടിക്കൂടിയ സമീപവാസികൾ ബക്കറ്റിൽ വെള്ളമെത്തിച്ച് ഇരുവരുടെയും ശരീരത്തിൽ ഒഴിച്ചു.
മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിത്തെങ്കിലും റോസമ്മ എതിർത്തു. വനിതാ പൊലീസിന്റെ സഹായത്തോടെ ബലംപ്രയോഗിച്ച് വാഹനത്തിനടുത്തേക്ക് മാറ്റിയെങ്കിലും ഇവർ റോഡിൽ കുഴഞ്ഞുവീണു. തുടർന്ന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് തീ കൊളുത്താൻ ലൈറ്റർ നൽകിയ ആളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പാറമടകൊണ്ട് പൊറുതിമുട്ടിയെന്ന്
വല്യേന്ത പാറമടയുടെ പ്രവർത്തനം കാരണം ഇളങ്കാട് ടൊപ്പിൽ വീടും ഒന്നേമുക്കാൽ ഏക്കറുമുള്ള റോസമ്മയ്‌ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തുടർന്ന് ഏന്തയാർ, തേൻപുഴ മേഖലകളിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ പാറമടക്ക് സമീപമുള്ള സ്ഥലം ഇവർ വിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാറമടയുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് ഇവർ അധികാരികൾക്ക് നിരവധി പരാതിയെങ്കിലും അവഗണനയായിരുന്നു ഫലം. കൊവിഡ് കാലത്ത് താത്കാലികമായി പാറമടയുടെ പ്രവർത്തനം നിറുത്തിയെങ്കിലും കോടതി ഉത്തരവിനെ തുടർന്ന് അടുത്തകാലത്ത് വീണ്ടു തുറക്കുകയായിരുന്നു. ഇത് തടഞ്ഞില്ലെങ്കിൽ കൈക്കുഞ്ഞുമായി ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് റോസമ്മ പഞ്ചായത്തിന് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. പരാതി കൈമാറിയതിനെ തുടർന്നു മുണ്ടക്കയം പൊലീസ് ചർച്ച നടത്തിയെങ്കിലും റോസമ്മ പിന്മാറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |