SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.30 PM IST

താലൂക്ക് ഓഫീസിലെ കൂട്ട അവധി

k-u-janeesh-kumar-mla-

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോയത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. ഭരണമുന്നണിയിലെ പ്രബലകക്ഷികൾ തമ്മിലുള്ള കാലുഷ്യത്തിനും ഈ ഉല്ലാസയാത്ര കാരണമായതാണ് പ്രധാന ചർച്ചാവിഷയം. ജീവനക്കാർ അവധിയെടുത്തും അല്ലാതെയും ഇതുപോലെ യാത്രകൾ നടത്തുന്നത് അപൂർവമൊന്നുമല്ല. വിവാഹം, മരണം, യൂണിയൻ സമ്മേളനങ്ങൾ ഇത്യാദി കാര്യങ്ങൾക്ക് കൂട്ടത്തോടെയാകും അവർ പങ്കെടുക്കാറുള്ളത്. കോന്നി താലൂക്കാഫീസിലെ ജീവനക്കാരുടെ വിനോദയാത്ര പ്രശ്നമായത് എം.എൽ.എ നേരിട്ട് പ്രശ്നം ഏറ്റെടുത്തതോടെയാണ്.

താലൂക്ക് ഓഫീസിൽ എന്തോ കാര്യത്തിനെത്തിയ ആളെ മുൻനിറുത്തി എം.എൽ.എ അവിടെ ജീവനക്കാരെ കരിവാരിതേയ്ക്കാനാണു ശ്രമിച്ചതെന്നാണു അവരുടെ പരാതി. കസേരകളിൽ ജീവനക്കാരില്ലാത്ത സമയത്ത് താലൂക്ക് ഓഫീസിലെത്തിയ അദ്ദേഹം ഡെപ്യൂട്ടി തഹസിൽദാറുടെ കസേരയിൽ കയറിയിരുന്നതും ഹാജരായിരുന്ന ജീവനക്കാർക്ക് നിർദ്ദേശങ്ങൾ നല്‌കിയതുമാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. ജനപ്രതിനിധിയുടെ അതിരുവിട്ട പെരുമാറ്റം ജീവനക്കാരെ ചൊടിപ്പിച്ചത് സ്വാഭാവികം. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ആരു ശ്രമിച്ചാലും അത് അപലപിക്കപ്പെടണം. താലൂക്ക് ഓഫീസിന്റെ പ്രവർത്തനം ഒരുകൂട്ടം ജീവനക്കാരുടെ അവധിമൂലം പൂർണമായും സ്തംഭിച്ചെന്നു പറയുന്നത് ശരിയല്ല. അത്യാവശ്യ കാര്യങ്ങൾ നോക്കാൻ വേണ്ടത്ര ജീവനക്കാർ അവിടെ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകളിൽ നിന്നറിയാൻ കഴിഞ്ഞത്. റവന്യൂ വകുപ്പ് സി.പി.ഐ മന്ത്രിയുടെ കീഴിലുള്ളതാണ്. മുന്നണിയെ നയിക്കുന്ന സി.പി.എമ്മിലെ എം.എൽ.എയാണ് കൂട്ട അവധി പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടത് എന്നതിനാലാണ് കാര്യങ്ങൾ വലിയ വിവാദത്തിലേക്കു വളർന്നത്. തഹസിൽദാരുടെ സീറ്റിൽ കയറിയിരുന്ന് ഹാജർപുസ്തകം പരിശോധിച്ചതും അവധി അപേക്ഷകളെല്ലാം ഹാജരാക്കാൻ നിർദ്ദേശിച്ചതുമൊക്കെ ശരിയായ നടപടിയല്ല. തഹസിൽദാരുടെ മുകളിലുള്ള ഓഫീസർമാരാണ് ഇത്തരം കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കേണ്ടത്. ഓഫീസിൽ ജീവനക്കാരില്ലെന്നു ബോദ്ധ്യപ്പെട്ടാൽ അക്കാര്യം ചുമതലപ്പെട്ടവരെ അറിയിച്ച് യുക്തമായ നടപടിയെടുപ്പിക്കാൻ ജനപ്രതിനിധിക്കു ശ്രമിക്കാം.

അനധികൃതമായി ജീവനക്കാർ ഡ്യൂട്ടിക്കു ഹാജരാകാതെ ഉല്ലാസയാത്രയ്ക്കു പോയതാണെന്നു ബോദ്ധ്യപ്പെട്ടാൽ കർക്കശ നടപടി എടുക്കുമെന്ന് വിവരം അറിഞ്ഞപാടെ റവന്യൂമന്ത്രി പ്രതികരിച്ചിരുന്നു. ഏതായാലും സംഗതി വൻ വിവാദമായ സ്ഥിതിക്ക് കൂട്ട അവധി പ്രശ്നത്തിൽ പുതിയൊരു മാർഗനിർദ്ദേശം ഇറക്കുന്നതു നന്നായിരിക്കും. സർക്കാർ ഓഫീസുകളിൽ സേവനം തേടിയെത്തുന്ന പൊതുജനങ്ങൾ ആളില്ലാക്കസേരകൾ കണ്ട് ഇച്ഛാഭംഗത്തോടെ മടങ്ങുന്നത് പുതിയ കാര്യമൊന്നുമല്ല. സേവനം ലഭ്യമാക്കുന്നതിൽ ഏറ്റവും കാലതാമസം നേരിടുന്ന ഓഫീസുകളിൽ ആദ്യസ്ഥാനത്തു റവന്യൂ ഓഫീസുകളാണെന്ന് അനുഭവസ്ഥർക്ക് അറിയാം. കൂട്ട അവധി എടുത്തില്ലെങ്കിലും അവിടങ്ങളിൽ എല്ലാ സേവനങ്ങളും നന്നേ സാവകാശത്തിലേ ലഭിക്കാറുള്ളൂ. ഇതിനൊക്കെ മാറ്റമുണ്ടാക്കാൻ കേരളപ്പിറവിതൊട്ടേ സർക്കാർ ശ്രമിക്കുന്നതാണ്. ചുവപ്പുനാടക്കുരുക്കിൽ പിടയുന്ന നിരവധി മനുഷ്യരുണ്ട്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞതുകൊണ്ടായില്ല. ഫയൽക്കുരുക്കിൽ പെട്ടുപോകുന്നവരെ സഹായിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നാണ് ആലോചിക്കേണ്ടത്.

സംഘടനയില്ലാത്ത ഒരൊറ്റ ജീവനക്കാരൻ പോലുമുണ്ടാകില്ല. ഈ സംഘടനകൾക്കൊക്കെ വാർഷിക സമ്മേളനങ്ങളുണ്ടാകും. വിവിധ ആവശ്യങ്ങളുന്നയിച്ച് ഒട്ടേറെ ദിവസങ്ങളിൽ സത്യഗ്രഹങ്ങളും സമരപരിപാടികളുമൊക്കെ നടക്കും. ഇവയ്ക്കെല്ലാം അതതു സംഘടനയിൽപ്പെട്ടവർ ഔപചാരികമായി അവധിയെടുത്തുകൊണ്ടാണോ പങ്കെടുക്കാറുള്ളത്. ഇക്കാര്യമൊക്കെ ഒരുനിമിഷം ആലോചിച്ചിരുന്നെങ്കിൽ കോന്നി താലൂക്ക് ഓഫീസിൽ പരിശോധനയ്ക്കു പോയ എം.എൽ.എ അവിടത്തെ കൂട്ട അവധി പ്രശ്നത്തിൽ ഇത്രയധികം രോഷാകുലനാകുമായിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONTROVERSIAL KONNI TALUK OFFICE STAFF TRIP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.