ആലുവ: അദ്വൈതാശ്രമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സർവമത സമ്മേളന ശതാബ്ദി ഉദ്ഘാടന വേദിക്ക് അവസാനനിമിഷം പൊതുമരാമത്ത് വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത് പൊലീസിനെയും സംഘാടകരെയും വലച്ചു. വേദിയിലേക്ക് കയറുന്നതിനുള്ള റാമ്പിന്റെ ഇരുവശവും കൈവരി ഇല്ലാത്തതാണ് അവസാനനിമിഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ കാരണം.
ബുധനാഴ്ച വൈകിട്ട് ആറിന് നടക്കേണ്ട സമ്മേളനം സംബന്ധിച്ച വിവരം പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്) വിഭാഗത്തെ ആലുവ സി.ഐ എൽ. അനിൽകുമാർ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. അതനുസരിച്ച് ചൊവ്വാഴ്ച്ച പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ആശ്രമവും സമ്മേളന വേദിയും സന്ദർശിച്ചിട്ടും ആശ്രമം അധികൃതരെയോ പൊലീസിനെയോ പോരായ്മകളൊന്നും അറിയിച്ചിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സി.ഐക്ക് വാട്ട്സ് ആപ്പ് മുഖേന ഇരുവശവും കൈവരിയില്ലാത്തതിന്റെ പേരിൽ ഫിറ്റ്നസ് നൽകാനാകില്ലെന്ന് പി.ഡബ്ല്യു.ഡി എ.ഇ കെ.കെ. ആബിദ അറിയിച്ചത്. റാമ്പിന്റെ വലതുവശത്ത് മാത്രമായിരുന്നു കൈവരി സ്ഥാപിച്ചിരുന്നത്. ഇതേത്തുടർന്ന് നേരത്തെ റാമ്പ് അലങ്കരിച്ചിരുന്ന പൂക്കൾനീക്കി വെൽഡിംഗ് പണിക്കാരെയെത്തിച്ച് നാല് മണിയോടെ മറുവശവും കൈവരി സ്ഥാപിച്ചശേഷമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പോരായ്മ ചൂണ്ടിക്കാട്ടാൻ വൈകിയതിന് കാരണമെന്നാണ് ആക്ഷേപം.
ചൊവ്വാഴ്ച്ച വേദി സന്ദർശിച്ചപ്പോൾ പന്തൽ ജോലിക്കാരോട് കൈവരി സംബന്ധിച്ച സൂചന നൽകിയെന്നാണ് പി.ഡബ്ല്യു.ഡിയുടെ വിശദീകരണം. പോരായ്മ കൃത്യസമയത്ത് പൊലീസിനെയോ ആശ്രമം അധികൃതരെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. ഇത് ചെയ്യാതിരുന്നതാണ് പ്രശ്നമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |