കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാൽ അയ്യർ ഇഡിക്ക് മുന്നിൽ ഹാജരായി. ഇദ്ദേഹത്തെ ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഹാജരാകാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനായാണ് ഇഡിയുടെ ഈ നീക്കം.
ലൈഫ് മിഷൻ കോഴ ഇടപാടിനെക്കുറിച്ച് ശിവശങ്കറിനു മാത്രം അറിയാവുന്ന രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് അറസ്റ്റിലായ അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നത്. ഒഴിഞ്ഞുമാറുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് കോടതിയിൽ സമർപ്പിച്ച അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ലൈഫ് മിഷൻ ഭവനപദ്ധതിക്ക് വേണ്ടി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് നിർമ്മാണക്കരാർ അനുവദിക്കാൻ യൂണിടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനിൽ നിന്ന് 4.5 കോടി രൂപ കോഴവാങ്ങിയതാണ് കേസിനാധാരം. പദ്ധതിക്കായി യുഎഇയിലെ റെഡ്‌ക്രെസന്റ് സംഭാവന ചെയ്ത തുകയിലാണ് തിരിമറി നടത്തിയത്. കരാർ യൂണിടാക്കിന് നൽകാൻ മറ്റുപ്രതികളുമായി ചേർന്ന് ഗൂഢോലോചന നടത്തിയതിലും കോഴ ഇടപാടിലും ശിവശങ്കറിന് പങ്കുള്ളതായി തെളിവുണ്ട്. ഇതു സംബന്ധിച്ച് സ്വപ്ന സുരേഷിന്റെയും സന്തോഷ് ഈപ്പന്റെയും മൊഴികളുണ്ട്. യൂണിടാക് സ്വപ്‌നയ്ക്ക് നൽകിയ ഐ ഫോണുകളിലൊന്ന് ശിവശങ്കറിന് കിട്ടി. കോഴപ്പണം സൂക്ഷിക്കാൻ സ്വപ്‌നയ്ക്ക് ബാങ്ക് ലോക്കർ എടുക്കാനും ശിവശങ്കർ സഹായിച്ചു. ഇവർ തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ തെളിവായി ലഭിച്ചു.
പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ജനങ്ങൾക്ക് വീട് നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്ന് കമ്മിഷൻ വാങ്ങി തട്ടിപ്പുനടത്തുകയായിരുന്നു ഇവരെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ശിവശങ്കരന്റെ കോഴത്തുകയാണെന്ന സ്വപ്നയുടെ മൊഴിയാണ് അറസ്റ്റിലേക്ക് നയിക്കാൻ പ്രധാന കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |