സൗബിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം
ദുൽഖർ സൽമാൻ ഇനി ഒാതിരം കടകം എന്ന ചിത്രത്തിലേക്ക്. പറവയ്ക്കുശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഒഫ് കൊത്തയുടെ അവസാനഘട്ട ചിത്രീകരണത്തിൽ കാരൈക്കുടിയിലാണ് ദുൽഖർ. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് കിംഗ് ഒഫ് കൊത്ത നിർമ്മിക്കുന്നത്. കിംഗ് ഒഫ് കൊത്തയുടെ ലൊക്കേഷനിൽ സൗബിൻ എത്തി ദുൽഖറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. കിംഗ് ഒഫ് കൊത്ത പൂർത്തിയാക്കിയശേഷം ദുൽഖർ അഭിനയിക്കുന്നത് സൗബിന്റെ ചിത്രത്തിലാണ്. ഒാണം റിലീസാണ് കിംഗ് ഒഫ് കൊത്ത. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. എെശ്വര്യ ലക്ഷ്മി ആണ് നായിക. വൻതാരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസിന് രചന നിർവഹിച്ച അഭിലാഷ് ചന്ദ്രനാണ് തിരക്കഥ. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം 2017 ൽ പുറത്തിറങ്ങിയ ഷെയ്ൻ നിഗം നായകനായ പറവയിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലാണ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |