തിരുവനന്തപുരം: ഒരുലക്ഷം കോടിയുടെ ബിസിനസ് നേട്ടത്തിലൂടെ കെ.എസ്.എഫ്.ഇ കൈവരിച്ച നിർണ്ണായക കുതിപ്പ് സംസ്ഥാനത്തിനും രാജ്യത്തിനൊട്ടാകെയും മാതൃകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന ഇക്കാലത്ത് ഒരു സർക്കാർ പൊതുമേഖലാസ്ഥാപനം വൻ നേട്ടം കൈവരിച്ചത് യുവാക്കളുടെ മനോഭാവം മാറ്റാനും സർക്കാർ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉയർത്താനും വഴിയൊരുക്കുമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
Q. ഒരു ലക്ഷം കോടിയുടെ ബിസിനസ് നേട്ടത്തെ എങ്ങനെ കാണുന്നു?
ചെറിയ രീതിയിൽ ഇ.എം.എസ്.സർക്കാരിന്റെ കാലത്ത് തുടങ്ങിയ കെ.എസ്.എഫ്.ഇ ഇടതുസർക്കാരുകളുടെ കാലത്ത് വൻകുതിപ്പാണ് നടത്തുന്നത്. കഴിഞ്ഞ ഒൻപത് വർഷങ്ങളിലും അസാധാരണ വളർച്ചയാണ് സ്ഥാപനം നേടിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ 52,000കോടി രൂപയായിരുന്നു ബിസിനസ്. നാലുവർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ .മിസേലിനിയസ് ധനകാര്യസ്ഥാപനമായി മാറി.
? വഴിയൊരുക്കിയത്
=വിശ്വാസ്യതയും പ്രവർത്തനത്തിലെ സുതാര്യതയും സർക്കാർ ഗ്യാരന്റിയുമാണ് കരുത്ത്. കൃത്യമായ നടപടിക്രമങ്ങൾ, വീഴ്ചയില്ലാത്ത ഇടപാടുകൾ, ജനോപകാര പദ്ധതികൾ, വൈവിദ്ധ്യമാർന്ന ധനകാര്യ ഉത്‌പന്നങ്ങൾ എന്നിവ അനുകൂലമായി.
?നേട്ടത്തിൽ സർക്കാരിന്റെ പങ്ക്
= നാലുവർഷത്തിനിടെ 3000ൽ അധികം ജീവനക്കാരെ നിയമിച്ച് ചരിത്രം സൃഷ്‌ടിച്ചു. സർക്കാരിന്റെ മൂലധനം ഇരട്ടിയാക്കി. 2021ൽ 100 കോടിയായിരുന്ന മൂലധനവിഹിതം 200കോടിയായി ഉയർത്തിയതിനാൽ കെ.എസ്.എഫ്.ഇക്ക് ബിസിനസ് വർദ്ധിപ്പിക്കാൻ ഊർജമായി.
? ഭാവിയിലെ നേട്ടം
=യുവാക്കളിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കാൻ കെ.എസ്.എഫ്.ഇയുടെ വിജയം സഹായമാകും. കടം വാങ്ങി ധൂർത്തടിക്കുന്ന പ്രവണതയിൽ മാറ്റം വേണം.ചെറിയ ചിട്ടികളിലൂടെയും സമ്പാദ്യങ്ങളിലൂടെയും വളരുന്ന മലയാളി പാരമ്പര്യം വീണ്ടെടുക്കാൻ കെ.എസ്.എഫ്.ഇ.യുടെ കുതിപ്പ് വഴിയൊരുക്കും.
?അനുകൂലമായ ഘടകങ്ങൾ
=പ്രവാസികൾക്കും ചിട്ടികളിൽ ചേരാൻ പുതിയ സംവിധാനമൊരുക്കി. മൊബൈൽ ആപ്ളിക്കേഷൻ, ഓൺലൈൻ പേയ്മെന്റ്, ഡിജിറ്റൽ പ്ളാറ്റ് ഫോമിലൂടെയുള്ള സേവനങ്ങൾ. എവിടെയിരുന്നും ചിട്ടികളിൽ ചേരാനും പണമടയ്ക്കാനുമുള്ള സൗകര്യങ്ങൾ, സ്ഥിരനിക്ഷേപത്തിനും ചെറുകിട സമ്പാദ്യത്തിനും അനുകൂലമായ പദ്ധതികൾ എന്നിവ അനുകൂലമായി, ഓഹരികളിൽ നിന്ന് വ്യത്യസ്തമായി സ്ഥിരതയുള്ള നിക്ഷേപമെന്ന ഖ്യാതിയും കെ.എസ്.എഫ്.ഇയ്ക്ക് വൻ സ്വീകാര്യതയുണ്ടാക്കി.
? വിപ്ളവം സൃഷ്ടിച്ച് കെ.എഫ്.സിയും കെ.എസ്.എഫ്.ഇയും
= കെ.എസ്.എഫ്.ഇ പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുമ്പോൾ ചെറുകിട വ്യവസായങ്ങൾക്ക് ഏറെ സഹായം കെ.എഫ്.സി നൽകുന്നു. രണ്ടുസ്ഥാപനങ്ങളും ചേർന്ന് സംസ്ഥാന ബഡ്ജറ്റിന് തുല്യമായ തുകയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. അതിന്റെ നേട്ടം വളരെ വലുതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |