തിരുവനന്തപുരം: ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനത്ത് പൊട്ടക്കിണറ്റിൽ വീണ തെരുവ്നായയെ രക്ഷിച്ചു. ഇന്നലെ ഉച്ചയോടെ വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സെത്തിയാണ് നായയെ പുറത്തെടുത്തത്. ഫയർഫോഴ്സ് അംഗങ്ങൾ കിണറ്റിലേക്കിട്ട വലയിൽ കയറി നായ പുറത്തേക്കിറങ്ങുകയായിരുന്നു. ഒമ്പത് ദിവസമായി തെരുവ് നായ കിണറ്റിൽ വീണിട്ടും ഫയർഫോഴ്സ് അംഗങ്ങൾ രക്ഷിക്കാനെത്താത്തത് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
നായ്ക്കളെ രക്ഷിക്കാനായി അടുത്തിടെയായി പോകാറില്ലെന്നും മുകളിൽ നിന്ന് നിർദ്ദേശമുണ്ടെന്നുമായിരുന്നു ഫയർഫോഴ്സിന്റെ ന്യായീകരണം. അനിമൽ റെസ്ക്യു അംഗങ്ങൾ നായയെ സുരക്ഷിതമായി കൊണ്ടുപോയി. കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ മൃഗസ്നേഹികളടക്കം നിരവധി സംഘടനകളാണ് നായയെ രക്ഷിക്കാനായി രംഗത്തെത്തിയത്. തെരുവ് നായയെ കിണറ്റിൽ നിന്ന് പുറത്തെടുത്തതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബാംഗങ്ങളും നാട്ടുകാരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |