SignIn
Kerala Kaumudi Online
Sunday, 01 October 2023 7.03 PM IST

കേരളത്തിൽ വർദ്ധിപ്പിച്ച ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ല, ഇനി കേന്ദ്രം നിരക്ക് കൂട്ടിയാൽ സമരം നടത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി

m-v-govindan-

കണ്ണൂർ : സംസ്ഥാന ബഡ്ജറ്റിൽ വർദ്ധിപ്പിച്ച ഇന്ധന സെസ് കുറയ്ക്കില്ലെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപയുടെ സെസാണ് സംസ്ഥാന ബഡ്ജറ്റിലൂടെ സർക്കാർ വർദ്ധിപ്പിച്ചത്. അതേസമയം ഇനി കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചാൽ സി പി എം പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നാളെ കാസർകോട് നിന്നും സി പി എം ആരംഭിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥയ്ക്ക് മുന്നോടിയായി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് എം വി ഗോവിന്ദൻ ഇന്ധന വില കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.

കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് കേരളത്തിൽ ഇന്ധന വിലകൂട്ടുമ്പോൾ വികാരം കൊള്ളുന്നത്. ഇത് രാഷ്ട്രീയ കാരണത്താലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായിക്കെതിരെ സംസ്ഥാന വ്യാപകമായി കരിങ്കൊടി കാണിക്കുന്ന പ്രതിപക്ഷം അതിനായി ആത്മഹത്യാ സ്‌ക്വാഡിനെ നിയോഗിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവും സി പി എം സംസ്ഥാന സെക്രട്ടറി നടത്തി. പ്രതിഷേധവുമായി ഇവർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിരോധിക്കാൻ സി പി എം

വിവാദങ്ങളും അവ ആയുധമാക്കി എതിരാളികൾ നടത്തുന്ന രാഷ്ട്രീയാക്രമണങ്ങളും സി. പി. എമ്മിനെ വലയ്ക്കുന്നതിനിടെ, പാർട്ടി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സംസ്ഥാന ജനകീയ പ്രതിരോധ ജാഥ നാളെ കാസർകോട്ട് തുടങ്ങും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനവും കോർപ്പറേറ്റ് വർഗീയവത്കരണവും തുറന്നുകാട്ടാനും കേരളസർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കാനും ആസൂത്രണം ചെയ്തതാണ് ജാഥയെങ്കിലും പാർട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമാണ്.

ബഡ്ജറ്റിലെ ഇന്ധനസെസ്, നികുതി നിർദ്ദേശങ്ങളിളെ പ്രതിപക്ഷ പ്രതിഷേധം, ലൈഫ് മിഷൻ കോഴയിടപാടിൽ എം. ശിവശങ്കറിന്റെ അറസ്റ്റോടെ കെട്ടടങ്ങിയെന്ന് തോന്നിച്ച സ്വർണക്കടത്ത് വിവാദം വീണ്ടും പുകയുന്നതും കണ്ണൂരിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളും സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇതെല്ലാം സൃഷ്ടിച്ച രാഷ്ട്രീയവെല്ലുവിളികൾ പ്രതിരോധിക്കുക ജാഥയിൽ സി.പി.എമ്മിന് പ്രധാന ജോലിയാകും.

അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കാനുള്ള ജാഥ നാളെ വൈകിട്ട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം എം.വി. ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥയാണ്. പി.കെ. ബിജു മാനേജരും എം. സ്വരാജ്, സി.എസ്. സുജാത, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവർ അംഗങ്ങളുമാണ്. യുവനിരയ്ക്ക് പ്രാമുഖ്യം നൽകിയാണ് ജാഥ.

സംസ്ഥാനത്തിന് അർഹമായ നികുതിവിഹിതം കേന്ദ്രം നൽകാത്തതും ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂകമ്മി ഗ്രാന്റും നിറുത്തലാക്കുന്നതും വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും മറ്റും ജാഥയിൽ ജനങ്ങളോട് വിശദീകരിക്കാനാണ് സി.പി.എം തീരുമാനം.

കേന്ദ്ര ബഡ്ജറ്റിൽ പാവപ്പെട്ടവരെ ദോഷകരമായി ബാധിക്കും വിധം തൊഴിലുറപ്പ് പദ്ധതിവിഹിതം വെട്ടിക്കുറച്ചതും ഉയർത്തിക്കാട്ടും. എന്നാൽ, സംസ്ഥാന ബഡ്ജറ്റിലെ നികുതിക്കൊള്ളയ്‌ക്കെതിരായ പ്രതിപക്ഷ സമരത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുക സി.പി.എമ്മിന് ശ്രമകരമാവും. പ്രതിഷേധസമരങ്ങൾ ജാഥയുടെ തിളക്കം കെടുത്തുമോയെന്ന ആശങ്ക പാർട്ടിയിലുണ്ട്. ബി.ജെ.പിയുമായി കൂട്ടുചേർന്ന്, കേന്ദ്രബഡ്ജറ്റിലെ ജനവിരുദ്ധനിർദ്ദേശങ്ങൾ ചർച്ചയാകാതിരിക്കാനാണ് യു.ഡി.എഫ് ശ്രമമെന്നാണ് സി.പി.എം ആരോപിക്കുന്നത്.

ഷുഹൈബ് വധത്തിൽ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പ്രതികരണങ്ങൾ ഏറ്റെടുത്ത് കോൺഗ്രസും യു.ഡി.എഫും സി.പി.എമ്മിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം ചർച്ചയാക്കാനാണ് ശ്രമം. ആകാശ് തില്ലങ്കേരി കൊളുത്തിയ വിവാദത്തിനും സി.പി.എമ്മിന് ജാഥയിൽ മറുപടി പറയേണ്ടിവരും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റും പിന്നാലെ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളും മൊത്തത്തിൽ പുകമറയുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്ത് നിറുത്തി ശക്തമായ കടന്നാക്രമണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. പാർട്ടിയുടെ താഴെത്തട്ടിൽ വർദ്ധിച്ചുവരുന്ന തെറ്റായ പ്രവണതകൾ വിവാദമാകുന്നതും സി.പി.എമ്മിന് തലവേദനയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN, CPM, PETROL, PETROL PRICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.