മൂവാറ്റുപുഴ :രാത്രികാലങ്ങളിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ ആൾ പിടിയിൽ. ഐരാപുരം കുഴൂർ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹൻ (23) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ യൂസ്ഡ് ലോറി യാർഡുകളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇരുപതോളം ബാറ്ററികൾ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം ഉണ്ടായതിനെ തുടർന്ന് മോഷ്ടാക്കളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. രാത്രിയിൽ സ്കൂട്ടറിൽ എം.സി റോഡിലൂടെ സഞ്ചരിച്ചായിരുന്നു മോഷണം. പ്രതിവിറ്റ ബാറ്ററികൾ കോലഞ്ചേരിയിലെ ആക്രി വില്പന കേന്ദ്രത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ആർഭാടജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തിയിരുന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.കെ.രാജേഷ്, എ.എസ്.ഐ പി.സി.ജയകുമാർ, എസ്.സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് പ്രതിയെ പിടികൂടിയത് . പ്രതിയെ റിമാൻഡ് ചെയ്തു. മോഷണ മുതൽ വാങ്ങുന്ന ആക്രിക്കട ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |