SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.08 AM IST

സംഘം ശരണം

photo

തൊഴിലാളി സമരങ്ങൾ സമ്പാദ്യസമരങ്ങളായി മാറുന്നതിനെക്കുറിച്ച് താക്കീത് നൽകിയ എം.എ. ജോണിന്റെ പരിവർത്തന വാദികളെ മഷിയിട്ട് നോക്കിയാൽപോലും കാണാനില്ല. ഇന്നിപ്പോൾ കേരളം സംഘടിത ശക്തികളുടെ കക്ഷത്തിനുള്ളിലാണെന്നതാണ് ഏറ്റവും വലിയ ആനുകാലിക ദുരന്തം. ജാതിയായാലും മതമായാലും ഡോക്ടറായാലും ഐ.എ.എസുകാരായാലും രാഷ്ട്രീയമായാലും ആൾബലത്തിനേ ബലമുള്ളൂ. വെറും നാവുബലം കൊണ്ട് പി.സി. ജോർജാവാനേ കഴിയൂ.

സർക്കാർ ജീവനക്കാരുടെ സംഘടിതശക്തിയുടെ തലസ്ഥാനം സെക്രട്ടേറിയറ്റ് തന്നെ. മിക്ക വകുപ്പുകളും സർവീസ് സംഘടനകളുടെ കാൽക്കീഴിലാണ്. ചീഫ് സെക്രട്ടറി മുതലിങ്ങോട്ടുള്ള ഐ.എ.എസ് മേധാവികളോ, രാഷ്ട്രീയ നേതൃത്വമോ കല്പിച്ചാൽപ്പോലും മാറാത്തവിധം ഇൗ സംഘടിതശക്തി രാഷ്ട്രീയ കക്ഷികളുടെ പരിലാളനയിൽ ആസുരശക്തികളായി മാറിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ അപചയം ഇൗ തൊഴിലാളി സംഘടനാ മേൽക്കോയ്മയ്ക്കനുസരിച്ച് ചുവടുവച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ കൂടി സംഭാവനയാണ്. ഭൂതം ഇപ്പോൾ കുടത്തിന് പുറത്ത് വിരാജിക്കുന്ന കാലമാണ്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ റേഷൻകിറ്റ് കൊണ്ടോ ക്ഷേമപെൻഷൻ കൊണ്ടോ സാധിക്കും. എന്നാൽ സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റി ആനന്ദിപ്പിക്കാൻ നാടുതന്നെ തീറെഴുതിയാലും മതിയായെന്നുവരില്ല. പൂ പറിക്കാൻ ചുമതലയുള്ള തോട്ടക്കാരനായ ധനമന്ത്രി പൂന്തോട്ടം അപ്പാടെ വേരോടെ പറിച്ചാലും ആർഭാടച്ചെലവുകൾക്ക് തികയാത്ത സ്ഥിതി വന്നിരിക്കുന്നു. പിറക്കാൻ പോകുന്ന തലമുറകളെക്കൂടി പണയം വച്ചാണ് ധനകാര്യസ്ഥത.

കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങിയും കോടതിയിൽ കേസ് പറഞ്ഞും തറവാടുമുടിക്കുന്ന പഴയ തറവാട്ടുകാരണവരുടെ ചാരുകസേരയിലാണ് മുഖ്യമന്ത്രി. അക്ഷരമാലയില്ലാത്ത പാഠപുസ്തകമാണ് നവകേരളത്തിന്റെ കൊടിയടയാളം. നിരക്ഷരരെ വളർത്തുന്ന നഴ്സറിയാണല്ലോ പൊതുവിദ്യാഭ്യാസം. നിസ്വാർത്ഥനും ശുദ്ധഗതിക്കാരനുമായ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിന്റെ വാക്കുകൾ നമ്മെ വേട്ടയാടാൻ പോന്നതാണ്. അഞ്ചുവർഷം വിദ്യാഭ്യാസമന്ത്രിയായിരുന്നിട്ടും കേരളത്തിലെ സ്കൂൾകുട്ടികളെ അക്ഷരത്തെറ്റ് കൂടാതെ എഴുതാനും വായിക്കാനും അറിയുന്നവരാക്കാനുള്ള സാഹചര്യമൊരുക്കാൻ കഴിഞ്ഞില്ലെന്ന ദുഃഖം നിലനിൽക്കുന്നെന്നാണ് അദ്ദേഹം കുമ്പസരിച്ചത്.

ഉന്നത വിദ്യാഭ്യാസം നാഥനില്ലാക്കളരിയായിട്ട് കുറച്ചുകാലമായി. പിൻവാതിലിലൂടെ കയറിപ്പറ്റുന്ന വൈസ് ചാൻസലർ മുതൽ തൂപ്പുകാർ വരെയാണ് ഇവിടെ വാഴുന്നത്. പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥത കൊണ്ട് നമ്മുടെ സ്വാശ്രയ കോളേജുകളിൽ കുട്ടികളെ കിട്ടാനില്ല. പാരമ്പര്യ മഹിമകൊണ്ട് പുകളേന്തിയ നമ്മുടെ സർക്കാർ കോളേജുകൾ കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തുകളായി മാറിക്കഴിഞ്ഞു. സർക്കാരിനെപ്പോലും തിരുത്താൻ കെല്പുള്ള വിദ്യാർത്ഥി - യുവജന സംഘടനാ നേതൃത്വത്തിന് അധികാരത്തിന്റെ ശീതളഛായയിലിരുന്ന് എങ്ങനെ തിരുത്തൽ ശക്തിയാകാനാവും?

യു.ജി.സി ശമ്പളം വന്നതോടെ സർവകലാശാലാ അദ്ധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും നിലവാരം കുത്തനെ ഇടിഞ്ഞു. അദ്ധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും അക്കാഡമിക നിലവാരത്തിന്റെയും പേരിലല്ല, രാഷ്ട്രീയ തിണ്ണബലത്തിന്റെയും ദാസ്യത്തിന്റെയും അടിസ്ഥാനത്തിലായി കേമത്തം. പാഠ്യപദ്ധതിയോ പാഠപുസ്തകമോ പരീക്ഷയോ പരിഷ്കരിക്കാൻ അദ്ധ്യാപക സംഘടനകളുടെ അനുവാദം വേണം. കുലപതികളുടെ മൂക്കുകയർപോലും കക്ഷി രാഷ്ട്രീയ നേതൃത്വത്തിന്റെ കൈയിലാണ്.

നാഥനില്ലാക്കളരിയായ വിദ്യാഭ്യാസരംഗത്തുനിന്നും എങ്ങനെയും രക്ഷപ്പെടാനുള്ള ത്വരയാണ് കൂട്ടത്തോടെ നാടുവിടുന്ന യുവജനങ്ങളുടെ ഒഴുക്കിന് നിദാനം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കുകയാണവർ. എന്നെങ്കിലും തിരിച്ചുവരാമെന്ന ഗൾഫ് പ്രവാസിയുടെ മനസല്ല അവർക്ക്. എവിടെയെങ്കിലും പോയി വിദ്യാഭ്യാസവും തൊഴിലും കൈവരിച്ച് പൗരത്വം നേടി സമാധാനമായി സന്തോഷത്തോടെ ജീവിക്കാനാഗ്രഹിക്കുന്നവർ.

ഇതൊന്നും രാഷ്ട്രീയ നേതൃത്വത്തിനറിവില്ലാത്തതല്ല. അധികാരത്തിന്റെ മത്തുപിടിച്ച പുതിയ ജനാധിപത്യത്തിന്റെ രാജകുമാരന്മാർക്ക് സ്വന്തം കസേര നിലനിറുത്താനേ ഉത്സാഹമുള്ളൂ. സർക്കാർ ജീവനക്കാരുടെയും തൊഴിലാളികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും നോക്കുകൂലി സംസ്കാരം മാറിയില്ലെങ്കിൽ, തിരിച്ചറിവുണ്ടായില്ലെങ്കിൽ ഇന്നത്തെ കെ.എസ്.ആർ.ടി.സിയുടെ ദുർഗതി നാളെ കേരളത്തിനും വന്നുചേരും.

സംഘം ശരണമെന്ന് ഉച്ചത്തിൽ വിളിച്ചോളൂ. അപ്പോഴും തങ്ങളുടെ സംഘത്തിനു മാത്രം ജീവിച്ചാൽ പോരെന്നുകൂടി ഓർക്കുന്നതു നന്ന്. എല്ലാവർക്കും ഉണ്ണാനും ഉറങ്ങാനും വേണ്ടി പണിയെടുക്കുന്ന കർഷകർക്കും അസംഘടിത വിഭാഗങ്ങൾക്കും കൂടിയുള്ളതാണ് തങ്ങൾ മാത്രം ആസ്വദിച്ചുകൊണ്ടിരിക്കുന്നതെന്നും അറിയണം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.