പത്തനംതിട്ട: കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ 69,000 രൂപ അദ്ധ്യാപികയ്ക്ക് നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിധി. അടൂർ ഏറത്ത് സ്വദേശിയും ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപികയുമായ പി. പ്രിയ ഫയൽ ചെയ്ത ഹർജിയിലാണ് വിധി ഉണ്ടായത്. മൈസൂർ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥി കൂടിയായ പ്രിയ തന്റെ ഗൈഡുമായി കൂടിക്കഴ്ചയ്ക്കു വേണ്ടി 2018ൽ കൊട്ടാരക്കരയിൽ നിന്നും വൈകിട്ട് 8.30ന് മൈസൂറിലേക്കു പുറപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ എ.സി ബസിന് 1003 രൂപ മുടക്കി ടിക്കറ്റ് ബുക്കു ചെയ്തിരുന്നു. അന്ന് 5.30നു വിളിയ്ക്കുമ്പോഴും ബസ് മുടക്കം കൂടാതെ കൊട്ടാരക്കരയിൽ എത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. വൈകിട്ട് 8.30 ന് കെ.എസ്.ആർ.ടി.സിയുടെ കൊട്ടാരക്കരയിലെ അധികൃതർ തിരുവനന്തപുരം ഓഫീസിൽ വിളിക്കുമ്പോൾ മാത്രമാണ് ബസ് റദ്ദു ചെയ്ത വിവരം പ്രിയ അറിയുന്നത്.
അന്ന് രാത്രി 11.45ന് കായംകുളത്തു നിന്നും മൈസൂറിന് ബസ് ഉണ്ടെന്നറിഞ്ഞു. തുടർന്ന് 63 കിലോമീറ്റർ ദൂരം രാത്രിയിൽ ഒറ്റയ്ക്കു ടാക്സിയിൽ കൊട്ടാരക്കരയിൽ നിന്നും കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് ചാർജ്ജ് കൊടുത്ത് മൈസൂറിനു പോകുകയാണുണ്ടായത്. വീട്ടിൽ നിന്നും 16 കിലോമീറ്റർ യാത്ര ചെയ്താണ് കൊട്ടാരക്കര ഡിപ്പോയിൽ ഇവർ എത്തിയത്. ബസ് താമസിച്ചതു കൊണ്ട് പിറ്റേ ദിവസം രാവിലെ 8.30ന് മൈസൂർ യൂണിവേഴ്സിറ്റിയിൽ എത്തിച്ചേരാൻ കഴിഞ്ഞിില്ല. വൈകി 11.45 നാണ് എത്തിച്ചേരാനായത്. ഗൈഡുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് താമസം നേരിട്ടതിനാൽ മൂന്നു ദിവസം മൈസൂരിൽ താമസിക്കേണ്ടി വരികയും ചെയ്തു. ബസ് റദ്ദു ചെയ്തിട്ടും ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര ഫോറത്തിനെ സമീപിക്കുകമായിരുന്നു.
റദ്ദു ചെയ്ത ബസിന്റെ ടിക്കറ്റ് ചാർജ് ഉൾപ്പെടെ 69,000 രൂപ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ഹർജികക്ഷിയ്ക്കു കൊടുക്കാൻ ഉത്തരവിട്ടു.ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |