തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായവിതരണത്തിൽ നടന്നത് വൻക്രമക്കേടെന്ന് വിജിലൻസിന്റെ റിപ്പോർട്ട്. സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ നൽകി. മൂന്നു മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്താനും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ശുപാർശ ചെയ്തു.
കൊല്ലത്ത് യാതൊരു കേടുപാടുമില്ലാത്ത വീടിന്റെ പുനർനിർമ്മാണത്തിനെന്ന പേരിൽ നാല് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയതെന്ന് വിജിലൻസ് കണ്ടെത്തി. വർക്കലയിൽ ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്രോഗത്തിന് പണം നൽകി. കരുനാഗപ്പള്ളി താലൂക്കിലെ 13 പേർക്ക് ഒരു ഡോക്ടറാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത്. ഒരു കുടുംബത്തിലെ ആറു പേർക്കും സർട്ടിഫിക്കറ്റ് നൽകി.
പാലക്കാട് ആലത്തൂരിൽ 78 അപേക്ഷയിൽ 54 സർട്ടിഫിക്കറ്റും നൽകിയത് ഒരു ആയുർവേദ ഡോക്ടറാണ്. 28 അപേക്ഷയിലും ഒരേ ഫോൺ നമ്പരാണെന്നും കണ്ടെത്തി. കോഴിക്കോട് സർക്കാർ ഉദ്യോഗസ്ഥന്റെ അമ്മയ്ക്കും ധനസഹായം കിട്ടി, കോഴിക്കോട് പ്രവാസിയുടെ മകന് മൂന്നുലക്ഷം രൂപ ചികിത്സാ സഹായം ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |