വർക്കല: കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കാപ്പിൽ പ്രിയദർശിനി ബോട്ട് ക്ലബിന് ടൂറിസം വകുപ്പ് അനുവദിച്ച രണ്ട് ബോട്ടുകളിൽ ഒന്നായ സ്പീഡ് ബോട്ട് അഡ്വ. വി. ജോയി എം.എൽ.എ ബോട്ട് ക്ലബിന് സമർപ്പിച്ചു. ഒരു സഫാരിബോട്ട് കൂടി ക്ലബിന് അനുവദിച്ചിട്ടുണ്ട്. കാപ്പിൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡി.ടി.പി.സി ആരംഭിക്കാൻ പോകുന്ന ജലകായിക വിനോദ പരിപാടികളുടെ ഭാഗമായി പാരാസെയിലിംഗ്, ജറ്റ്സ്കീം, ബമ്പർറൈഡ്, ഹൗസ്ബോട്ട് റൈഡ് എന്നിവ അടുത്ത ടൂറിസം സീസണ് മുന്നോടിയായി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു. പാപനാശം, കാപ്പിൽ വിനോദസഞ്ചാരകേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജലകായിക വിനോദങ്ങളുടെ ഹബ്ബാക്കുന്നതിനുളള നടപടികൾ അവസാനഘട്ടത്തിലാണെന്നും എം.എൽ.എ പറഞ്ഞു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, വൈസ് പ്രസിഡന്റ് ശുഭ എസ്.കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ്.ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു, സതീശൻ, ബിന്ദു, ഗ്രാമപഞ്ചായത്തംഗം ജെസ്സി, പി.സി.ബാബു, സുജിത്, രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |