കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ മരുന്നില്ലാതെ വലയുന്നു. വേനൽചൂട് കനത്തതോടെ പനി, കഫക്കെട്ട്, തലവേദന തുടങ്ങിയ അസുഖങ്ങളുമായി ആയിരത്തിലേറെ രോഗികളാണ് ദിവസവും ബീച്ചാശുപത്രിയിൽ എത്തുന്നത്. എന്നാൽ മണിക്കൂറുകൾ ക്യൂ നിന്ന് ഡോക്ടറെ കാണിച്ചാലും ഫാർമസിയിലെത്തുമ്പോൾ മരുന്നില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ്. ഗ്യാസ് സംബന്ധമായ മരുന്നുകൾ, വേദന സംഹാരികൾ തുടങ്ങിയവയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ക്ഷാമമാണ് നേരിട്ടത്. ഇതോടെ ഒ.പിയിൽ വരുന്ന രോഗികൾ ഡോക്ടറുടെ കുറിപ്പടിയുമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. കാശില്ലാത്തവർ മരുന്ന് വാങ്ങാൻ കഴിയാതെ നട്ടം തിരിയുകയാണ്.
ഡോക്ടറുടെ കുറിപ്പിൽ അഞ്ചിനം മരുന്നുകളെഴുതിയാൽ നാലെണ്ണവും പുറത്തു നിന്നാണ് വാങ്ങുന്നതെന്ന് രോഗികൾ പറയുന്നു. ആവശ്യക്കാർ കൂടിയതോടെ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ മരുന്ന് ഷോപ്പുകളിലും മരുന്ന് കിട്ടാതായിട്ടുണ്ട്. കാരുണ്യ മെഡിക്കൽ ഷോപ്പിലും മരുന്നുകളില്ല.
രോഗികൾ കൂടിയതാണ് മരുന്നുകൾക്ക് ക്ഷാമം നേരിടാൻ കാരണമെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. ഓരോ വർഷവും രോഗികളുടെ കണക്കനുസരിച്ചാണ് മരുന്നുകൾക്കുള്ള ലിസ്റ്ര് മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകുന്നത്. എന്നാൽ ഇത്തവണ ലിസ്റ്റിലുള്ളതിലും കൂടുതൽ രോഗികളാണ് ആശുപത്രിയിലെത്തിയത്. ഞായറാഴ്ചകളിൽ പോലും ആയിരം പേരെങ്കിലും എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്നത് ബീച്ചാശുപത്രിയേയാണ്. തീരദേശമേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഇവിടെയെത്തുന്നതിൽ കൂടുതലും.
'' സൗജന്യമായി മരുന്ന് ലഭിക്കുമെന്നതുകൊണ്ടാണ് ബീച്ച് ആശുപത്രിയിൽ വരുന്നത്. എന്നാൽ ഇവിടെ മണിക്കൂറുകൾ കാത്ത് പരിശോധന കഴിഞ്ഞ് മരുന്നിനായി ചെല്ലുമ്പോഴാണ് മരുന്നില്ല എന്നറിയുന്നത്. ഇതോടെ ഭീമമായ തുക നൽകി പുറത്ത് നിന്ന് മരുന്ന് വാങ്ങുകയാണ്''- ശ്രീവിദ്യ, ബീച്ച് ആശുപത്രിയിലെത്തിയ രോഗി
കൂടുതൽ മരുന്നെത്തിക്കും
ഗ്യാസുമായി ബന്ധപ്പെട്ട മരുന്നുകൾക്കാണ് ക്ഷാമം നേരിട്ടത്. മറ്റ് ആശുപത്രികളിൽ അധികമുള്ള മരുന്നുകൾ എത്തിച്ചും സ്വന്തമായി വാങ്ങിയും പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ മരുന്നെത്തിച്ച് പ്രശ്ന പരിഹാരം കാണുമെന്നും ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ.ആശാ ദേവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |