കോന്നി : ചെങ്ങറ - കൊന്നപ്പാറ റോഡ് പുനരുദ്ധാരണത്തിന് കോന്നി ഗ്രാമ പഞ്ചായത്ത് 16 ലക്ഷം രൂപ അനുവദിച്ചു. കൊച്ചുമുറി പടി മുതൽ ചെങ്ങറ റേഷൻകട പടി വരെയുള്ള ഭാഗങ്ങൾ തകർന്നതുമൂലമുള്ള യാത്രാ ബുദ്ധിമുട്ടിനെക്കുറിച്ച് നേരത്തെ കേരള കുമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൊന്നപ്പാറ കൊച്ചുമുറി പടി മുതൽ ചെമ്മാനി പാൽ ഷെഡ് വരെയുള്ള ഭാഗങ്ങളാണ് ടാറിങ് നടത്തിയും ഐറിഷ് ഓട നിർമ്മിച്ചും പുനരുദ്ധരിക്കുന്നത് . അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ റേഷൻകട പടിയിൽ നിന്ന് തുടങ്ങി കോന്നി - തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ ചെങ്ങറ മുക്കിൽ ചേരുന്ന രണ്ടര കിലോമീറ്റർ ദൂരമുള്ള പഞ്ചായത്ത് റോഡാണിത്. റോഡിലെ ചെമ്മാനി തോട്ടത്തിലെ ഭാഗമാണ് തകർന്നത്. കൊന്നപ്പാറ - ചെങ്ങറ മുക്ക് മുതൽ കൊച്ചുമുറി പടിവരെയുള്ള ഭാഗങ്ങൾ അടുത്തിടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നവീകരിച്ചിരുന്നു. കോന്നി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് റോഡ്. വഞ്ചിനാട് എസ്റ്റേറ്റ് ഗ്രൂപ്പ് അവരുടെ സ്വകാര്യ ആവശ്യത്തിന് നിർമ്മിച്ച റോഡ് പിന്നീട് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.18 വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് നടത്തിയതാണ് . പിന്നീട് അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. മലയാലപ്പുഴ, കോന്നി, വടശേരിക്കര പഞ്ചായത്തുകളിലുള്ളവർക്ക് വേഗത്തിൽ കോന്നി, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലേക്ക് പോകാൻ ഈ റോഡ് ഉപയോഗപ്പെടും. തണ്ണിത്തോട്, കോന്നി അരുവാപ്പുലം പഞ്ചായത്തുകളിലുള്ളവർ മലയാലപ്പുഴ, വടശേരിക്കര റാന്നി ഭാഗങ്ങളിലേക്ക് പോകാനും ഈ റോഡിനെ ആശ്രയിക്കുന്നു. പുനരുദ്ധാരണ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് വാർഡ് മെമ്പർ പി.വി.ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |